71കാരന്റെ മൃതദേഹം രണ്ടുദിവസം ഐസ്‌ക്രീം ഫ്രീസറില്‍; ദുരിതം നേരിട്ട് കുടുംബം

71കാരന്റെ മൃതദേഹം രണ്ടുദിവസം ഐസ്‌ക്രീം ഫ്രീസറില്‍; ദുരിതം നേരിട്ട് കുടുംബം

ഐസ്‌ക്രീം ഫ്രീസര്‍ വാടകയ്ക്ക് എടുത്ത് രണ്ടു ദിവസമാണ് മൃതദേഹം സൂക്ഷിച്ചത്

കൊല്‍ക്കത്ത: അധികൃതര്‍ കൈവിട്ടത്തോടെ, 71 കാരന്റെ മൃതദേഹം ഐസ്‌ക്രീം ഫ്രീസറില്‍ സൂക്ഷിക്കാന്‍ നിര്‍ബന്ധിതമായി ഒരു കുടുംബം. ഐസ്‌ക്രീം ഫ്രീസര്‍ വാടകയ്ക്ക് എടുത്ത് രണ്ടു ദിവസമാണ് മൃതദേഹം സൂക്ഷിച്ചത്. അതിനിടെ 71 കാരന് കോവിഡ് സ്ഥിരീകരിച്ച് കൊണ്ടുളള പരിശോധനാ ഫലം പുറത്തുവന്നു. എന്നിട്ടും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം യഥാവിധി സംസ്‌കരിക്കാനും അധികൃതര്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കൊല്‍ക്കത്തയിലാണ് സംഭവം.മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാവാതിരുന്നതോടെയാണ് കുടുംബത്തിന്റെ ദുരിതം ആരംഭിച്ചത്.കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുളളൂവെന്നായിരുന്നു ഡോക്ടര്‍മാരുടെ നിലപാട്. ഇതോടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാനുളള കുടുംബത്തിന്റെ സാധ്യത അടഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിന് പുറമേ ആരോഗ്യവകുപ്പ്, നഗരസഭാ അധികൃതര്‍, പൊലീസ് തുടങ്ങിയവയും സഹായം നിഷേധിച്ചതായി കുടുംബക്കാര്‍ പരാതിപ്പെടുന്നു.

തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം സൂക്ഷിക്കാന്‍ ഐസ്‌ക്രീം ഫ്രീസര്‍ വാടകയ്ക്ക് എടുക്കാന്‍ തീരുമാനിച്ചത്. മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെയാണ് ഐസ്‌ക്രീം ഫ്രീസര്‍ ഏര്‍പ്പാടാക്കാന്‍ കുടുംബം നിര്‍ബന്ധിതമായത്. ചൊവ്വാഴ്ച വൈകീട്ടാണ് 71കാരന് കോവിഡ് സ്ഥിരീകരിച്ച് കൊണ്ടുളള റിപ്പോര്‍ട്ട് വന്നത്.

കോവിഡ് റിപ്പോര്‍ട്ട് വന്നിട്ടും പിറ്റേന്ന് ഉച്ചയോടെ മാത്രമാണ് നഗരസഭാ അധികൃതര്‍ വീട്ടില്‍ നിന്ന് മൃതദേഹം കൊണ്ടുപോകാന്‍ തയ്യാറായതെന്ന് കുടുംബക്കാര്‍ ആരോപിക്കുന്നു. അപ്പോഴേക്കും 71കാരന്‍ മരിച്ചിട്ട് 48മണിക്കൂര്‍ കഴിഞ്ഞിരുന്നു. മുതിര്‍ന്നയാള്‍ മരിച്ച് 50 മണിക്കൂറിന് ശേഷം മാത്രമാണ് കെട്ടിടം അണുവിമുക്തമാക്കിയത്.

തിങ്കളാഴ്ചയാണ് കടുത്ത ശ്വാസ തടസ്സത്തെ തുടര്‍ന്ന് 71കാരന്‍ മരിച്ചത്. വീട്ടില്‍ പിപിഇ കിറ്റ് ധരിച്ച് എത്തി ഡോക്ടര്‍മാര്‍ മരണം ഉറപ്പാക്കിയെങ്കിലും മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് കുടുംബത്തിന്റെ ദുരിതം ആരംഭിച്ചത്. സഹായം അഭ്യര്‍ത്ഥിച്ച് നിരവധിപ്പേരെയാണ് കുടുംബം ബന്ധപ്പെടാന്‍ ശ്രമിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com