തളര്‍ന്ന് വീണ് കിടക്കുന്ന അമ്മ, കരഞ്ഞ് വിളിച്ച് അപേക്ഷിച്ചിട്ടും മകന് മുന്നില്‍ വാതില്‍ തുറക്കാതെ സര്‍ക്കാര്‍ ആശുപത്രി; യുപിയില്‍ നിന്നുളള നൊമ്പര ദൃശ്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th July 2020 09:54 PM  |  

Last Updated: 04th July 2020 09:58 PM  |   A+A-   |  

 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അമ്മയുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയുടെ മുന്നില്‍ കരഞ്ഞ് സഹായം അഭ്യര്‍ത്ഥിക്കുന്ന മകന്റെ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സഹായത്തിന് ആരും എത്താതിരുന്നതോടെ നിസഹായനായ മകന്‍ അമ്മയ്ക്ക് അരികില്‍ സങ്കടത്തോടെ ഇരിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. സമയത്ത് ചികിത്സ കിട്ടാതെ വന്നതോടെ അമ്മ മരിച്ചു.

ഉത്തര്‍പ്രദേശിലെ ഹാര്‍ഡോയി ജില്ലയിലാണ് മനസിനെ പിടിച്ചുകുലുക്കുന്ന സംഭവം. സവായ്‌ജോര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് മുന്നില്‍ അമ്മയുടെ ചികിത്സയ്ക്കായി മകന്‍ കരഞ്ഞ് നിലവിളിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്.

ഹെല്‍ത്ത് സെന്ററിന് മുന്നില്‍ അനങ്ങാതെ കിടക്കുകയാണ് അമ്മ. എന്ത് ചെയ്യണമെന്ന് അറിയാതെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് ചുറ്റിലും സഹായത്തിനായി അലഞ്ഞ് തിരിഞ്ഞ് നടക്കുകയാണ് മകന്‍. വാതിലുകളിലും ജനലുകളിലും സഹായത്തിനായി മുട്ടുന്നുണ്ട്. കരഞ്ഞു കൊണ്ടാണ് മകന്‍ സഹായം അഭ്യര്‍ത്ഥിക്കുന്നത്. അതിനിടെ ജനല്‍ ചില്ലും അടിച്ചു തകര്‍ത്തു. സഹായം മാത്രം ലഭിക്കുന്നില്ല. അവസാനം പ്രതീക്ഷ നഷ്ടപ്പെട്ട് അമ്മയുടെ അരികില്‍ ഇരുന്ന് കരയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. മുന്‍വശത്തെ വാതില്‍ വഴിയല്ല ചികിത്സ തേടി എത്തിയതെന്നും അതിനാല്‍ യുവാവിന്റെ നിലവിളി കേട്ടില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.