10 ദിവസം സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍, ആരും പുറത്തിറങ്ങരുത് ; ഭോപ്പാലില്‍ നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍

വെള്ളിയാഴ്ച രാത്രി എട്ടുമുതല്‍ 10 ദിവസത്തേക്കാണ് തലസ്ഥാന നഗരവും സമീപപ്രദേശങ്ങളും അടച്ചിടുകയെന്ന് സര്‍ക്കാര്‍ അറിയിച്ചു
10 ദിവസം സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍, ആരും പുറത്തിറങ്ങരുത് ; ഭോപ്പാലില്‍ നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍

ഭോപ്പാല്‍ : കോവിഡ് രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ തലസ്ഥാനമായ ഭോപ്പാലില്‍ 10 ദിവസം സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. വെള്ളിയാഴ്ച രാത്രി എട്ടുമുതല്‍ 10 ദിവസത്തേക്കാണ് തലസ്ഥാന നഗരവും സമീപപ്രദേശങ്ങളും അടച്ചിടുകയെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര അറിയിച്ചു. 24 ന് രാത്രി എട്ടിന് ലോക്ക്ഡൗണ്‍ ആരംഭിക്കും. 

ഓഗസ്റ്റ് നാലിന് രാവിലെ എട്ടുവരെയാണ് കര്‍ശന നിയന്ത്രണം. ഭോപ്പാലില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10.23 ശതമാനമാണ്. ഇതാണ് സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കാന്‍ തയ്യാറായതെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. കോവിഡ് രോഗപ്രതിരോധത്തിനായി ജനങ്ങള്‍ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. 

ലോക്ക്ഡൗണ്‍ കാലയളവില്‍ പഴം, പച്ചക്കറി, പാല്‍, മരുന്നുകള്‍ തുടങ്ങി അവശ്യ വസ്തുക്കള്‍ ലഭിക്കുന്ന കടകള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം വാഹനഗതാഗതത്തിന് കര്‍ശന നിയന്ത്രണമുണ്ട്. ഭോപ്പാലിലേക്ക് വരുന്നതിനും പോകുന്നതിനും ഇ-പാസ് നിര്‍ബന്ധമാണെന്ന് മന്ത്രി നരോത്തം മിശ്ര വ്യക്തമാക്കി. 


ഭോപ്പാലില്‍ കഴിഞ്ഞ ദിവസം 157 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഭോപ്പാലിലെ മാത്രം കോവിഡ് രോഗികളുടെ എണ്ണം 4669 ആയി. 144 പേരാണ് ഇതുവരെ മരിച്ചത്. സംസ്ഥാനത്ത് ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 24,842 ആയി. 770 പേരാണ് മധ്യപ്രദേശില്‍ ഇതുവരെ മരിച്ചത്. അതേസമയം ഗ്വാളിയോറില്‍ കഴിഞ്ഞ ഒരാഴ്ചയായി ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com