കാത്തിരുന്ന് കാത്തിരുന്ന് വിവാഹ ചടങ്ങിനെത്തി; കല്യാണത്തലേന്ന് വരന് കോവിഡ്

മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം വിവാഹ ചടങ്ങുകള്‍ക്കായി വധുവിന്റെ വീട്ടിലെത്തിയ യുവാവിന് കോവിഡ്
കാത്തിരുന്ന് കാത്തിരുന്ന് വിവാഹ ചടങ്ങിനെത്തി; കല്യാണത്തലേന്ന് വരന് കോവിഡ്

കൊല്‍ക്കത്ത: മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം വിവാഹ ചടങ്ങുകള്‍ക്കായി വധുവിന്റെ വീട്ടിലെത്തിയ യുവാവിന് കോവിഡ് സ്ഥീരീകരിച്ചു. 26കാരനായ ഹരിയാന സ്വദേശി സന്ദീപിനാണ് വിവാഹതലേന്ന് രോഗം  സ്ഥിരീകരിച്ചത്. 

ഫെയ്‌സ്ബുക്കിലൂടെയുള്ള പരിചയം പ്രണയമായതിന് പിന്നാലെ വിവാഹം കഴിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. യുവതിയെ വിവാഹം ചെയ്യുന്നതിനായി ഹരിയാനയില്‍ നിന്നും പതിനൊന്ന് ദിവസം നീണ്ട യാത്രയ്‌ക്കൊടുവിലാണ് ഇയാള്‍ പശ്ചിമ ബംഗാളിലെത്തിയത്. മാര്‍ച്ചിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നതെങ്കിലും ലോക്ക് ഡൗണിനെ തുടര്‍ന്ന് നീണ്ടു പോയി. കാത്തിരിപ്പിനൊടുവില്‍ ഈ മാസം തന്നെ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ഹരിയാനയില്‍ നിന്നും ജൂലൈ പത്തിന് ബസ് മാര്‍ഗം ഡല്‍ഹിയിലെത്തി. ഇവിടെ നിന്നും രാജ്ഗഞ്ചിലേ് ട്രെയിന്‍ വഴിയെത്തി. ജൂലൈ 21ന് കാമുകിയുടെ വീട്ടിലെത്തി. തുടര്‍ന്ന് ഇരുവരും വിവാഹ രജിസ്ട്രാറെ സമീപിച്ചു. എന്നാല്‍ ഓഫീസിലെത്തി രേഖകള്‍ ഒപ്പിടുന്നതിന് മുമ്പായി കോവിഡ് പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് രജിസ്ട്രാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ കാമുകിയായ ഭാരതി റാണി സര്‍ക്കാരിന്റെ വീട്ടില്‍ ഐസലേഷനില്‍ കഴിയുകയാണ് സന്ദീപ്.


ഒക്ടോബര്‍ 2019 ലാണ് ഫെയ്‌സ്ബുക്കിലൂടെ സന്ദീപ് ഭാരതിയെ പരിചയപ്പെടുന്നത്. വൈകാതെ ഇരുവരും പ്രണയത്തിലായി. 2020 മാര്‍ച്ചില്‍ തന്നെ വിവാഹം ചെയ്യാമെന്നായിരുന്നു ഭാരതിയുടെ ഉറപ്പ്. എന്നാല്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് അത് നീണ്ടു പോവുകയായിരുന്നു.  ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചതോടെ എത്രയും വേഗം വിവാഹം നടത്തുന്നതിനായാണ് ഇവിടേക്കെത്തിയത്. 

സന്ദീപിന്റെ കോവിഡ് ഫലം പോസിറ്റീവായ സാഹചര്യത്തില്‍ ഇയാളുടെ കുടുംബാംഗങ്ങളുടെയും പരിശോധന നടത്തുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com