സിക്കിമിലും നീട്ടി ലോക്ക്ഡൗണ്‍; ഓഗസ്റ്റ് ഒന്നുവരെ നിയന്ത്രണം 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിക്കിമില്‍ ലോക്ക്ഡൗണ്‍ നീട്ടി
സിക്കിമിലും നീട്ടി ലോക്ക്ഡൗണ്‍; ഓഗസ്റ്റ് ഒന്നുവരെ നിയന്ത്രണം 

ഗാങ്‌ടോക്ക്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിക്കിമില്‍ ലോക്ക്ഡൗണ്‍ നീട്ടി. ഓഗസ്റ്റ് ഒന്നുവരെയാണ് കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ക്ഡൗണ്‍ നീട്ടിയത്. നേരത്തെ 27 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. 

ഇന്ന് സിക്കിമില്‍ ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനിച്ചത്. 74 വയസ്സുകാരനാണ് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. നിലവില്‍ സിക്കിമില്‍ 357 പേരാണ് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. 142 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും സിക്കിമിന്റെ ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ത്രിപുരയില്‍ സംസ്ഥാന സര്‍ക്കാര്‍ നാളെ മുതല്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തേയ്ക്കാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. 

ജൂലായ് 27ന് പുലര്‍ച്ചെ ആരംഭിക്കുന്ന ലോക്ക്ഡൗണ്‍ 30ന് പുലര്‍ച്ചെ വരെ നീണ്ടുനില്‍ക്കുമെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 3,787 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11 പേര്‍ മരിച്ചു. കോവിഡ് വ്യാപനം തടയാന്‍ ലോക്ക്ഡൗണുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

രോഗികളുടെ എണ്ണവും മരണനിരക്കും കുറഞ്ഞ ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് ത്രിപുരയെന്നും രോഗമുക്തരുടെ എണ്ണം പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സര്‍വെ പ്രവര്‍ത്തനങ്ങളുമായി വീടുകളില്‍ എത്തുന്നവരോടും സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com