ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോവിഡ് ബാധിച്ച 3,338 പേരെ കാണാനില്ല, മൊബൈൽ നമ്പറും മേൽവിലാസവും വ്യാജം ; ബം​ഗലൂരുവിൽ ആശങ്ക

കോവിഡ് രോ​ഗികളിൽ 10 ശതമാനം പേർ എവിടെയാണെന്ന് പോലും അറിയില്ലെന്നും റിപ്പോർട്ടുകളുണ്ട്

ബം​ഗലൂരു : കർണാടകയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞദിവസം മാത്രം 5000 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബം​ഗലൂരുവിൽ മാത്രം 2,036 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. അതിനിടെ ബം​ഗലൂരു  നഗരത്തിൽ കോവിഡ് ബാധിച്ച 3,338 പേരെ ഇതുവരെ കണ്ടെത്താനായില്ലെന്ന് ബം​ഗലൂരു ന​ഗരസഭ കമ്മിഷണർ എൻ. മഞ്ജുനാഥ് പ്രസാദ് പറഞ്ഞു. ഇവരെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. 

പോസിറ്റീവ് രോഗികളിൽ ചിലരെ പൊലീസിന്റെ സഹായത്തോടെ കണ്ടെത്താൻ കഴിഞ്ഞു. പക്ഷേ 3,338 പേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. അവരിൽ ചിലർ പരിശോധനയിൽ തെറ്റായ മൊബൈൽ നമ്പറും വിലാസവും നൽകി. പരിശോധന ഫലം ലഭിച്ചതിന് ശേഷം അവർ അപ്രത്യക്ഷരായതായി ബി‌ബി‌എം‌പി കമ്മിഷണർ മഞ്ജുനാഥ് പ്രസാദ് പറഞ്ഞു.

കോവിഡ് രോ​ഗികളിൽ 10 ശതമാനം പേർ എവിടെയാണെന്ന് പോലും അറിയില്ലെന്നും റിപ്പോർട്ടുകളുണ്ട്. പരിശോധന ഫലം പോസിറ്റീവായവർ ക്വാറന്റീനിലായതായും വിവരമില്ല. ബം​ഗലൂരുവിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കോവിഡ് കേസുകളിൽ വൻവർധനവാണ് രേഖപ്പെടുത്തുന്നത്. കർണാടകയിൽ പകുതിയോളം കേസുകളും  ബം​ഗലൂരുവിൽ നിന്ന് മാത്രം റിപ്പോർട്ട് ചെയ്തവയാണ്.

നിലവിലെ സാഹചര്യത്തിൽ  കോവിഡ് പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിക്കുന്നതിനു മുൻപ് തിരിച്ചറിയൽ കാർഡുകൾ ആവശ്യപ്പെടാനും മൊബൈൽ നമ്പറുകൾ പരിശോധിക്കാനും അധികാരികൾ തീരുമാനിച്ചു. കർണാടകയിൽ ആകെ കോവിഡ് രോ​ഗികളുടെ എണ്ണം 43,503 ആയി.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 72 പേർ കൂടി രോഗം ബാധിച്ച് മരിച്ചു, ഇതിൽ 30 പേർ ബം​ഗലൂരുവിലാണ്. സംസ്ഥാനത്തെ ആകെ മരണസംഖ്യ 1,796 ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com