മുംബൈ ചേരിനിവാസികളില്‍ 57 ശതമാനം പേര്‍ക്കും കോവിഡ്, രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതില്‍ ആശങ്ക; സര്‍വ്വേ റിപ്പോര്‍ട്ട്  

രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനമായ മുംബൈയിലെ ചേരിപ്രദേശങ്ങളില്‍ താമസിക്കുന്ന 57 ശതമാനം പേര്‍ക്കും കോവിഡ് ബാധ ഉണ്ടാകാമെന്ന് മെഡിക്കല്‍ സര്‍വ്വേ
മുംബൈ ചേരിനിവാസികളില്‍ 57 ശതമാനം പേര്‍ക്കും കോവിഡ്, രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതില്‍ ആശങ്ക; സര്‍വ്വേ റിപ്പോര്‍ട്ട്  

മുംബൈ: രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനമായ മുംബൈയിലെ ചേരിപ്രദേശങ്ങളില്‍ താമസിക്കുന്ന 57 ശതമാനം പേര്‍ക്കും കോവിഡ് ബാധ ഉണ്ടാകാമെന്ന് മെഡിക്കല്‍ സര്‍വ്വേ. സാമ്പിള്‍ സര്‍വ്വേയുടെ ഭാഗമായി 7000 പേരില്‍ നടത്തിയ പരിശോധനയിലൂടെയാണ് ഈ നിഗമനം. റെസിഡന്‍ഷ്യല്‍ സൊസൈറ്റികളില്‍ ഇത് 16 ശതമാനമാകാം. പരിശോധനയ്ക്കായി തെരഞ്ഞെടുക്കുന്ന ആറുപേരില്‍ ഒരാള്‍ക്ക് വീതം വൈറസ് ബാധ കണ്ടുവരുന്നതായും സിറോളജിക്കല്‍ സര്‍വ്വേ പറയുന്നു. ഒട്ടുമിക്ക ആളുകളും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തത് ആശങ്കയുളവാക്കുന്നതാണെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഈ മാസത്തിന്റെ ആദ്യ രണ്ടാഴ്ച തെരഞ്ഞെടുക്കപ്പെട്ട 7000 പേരില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് ഞെട്ടിക്കുന്നത്. ഏതെങ്കിലും രോഗത്തിന് ശരീരത്തില്‍ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നാണ് പ്രധാനമായി പരിശോധിച്ചത്. മുന്‍കാലങ്ങളില്‍ വൈറസ് ബാധ ഉണ്ടായിരുന്നവരിലാണ് ആന്റിബോഡി കണ്ടുവരുന്നത്. ഇത് പൊതുജനങ്ങള്‍ക്കിടയിലുളള വൈറസ് വ്യാപനം എന്നതിലുപരി, സമൂഹ രോഗപ്രതിരോധശേഷിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണോ എന്ന സംശയത്തിനും ബലം നല്‍കുന്നതായി പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതാണ് ചേരികളിലെ വൈറസ് വ്യാപനത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ പൊതു ശൗചാലയമാണ് ഇവര്‍ ഉപയോഗിക്കുന്നത്. വൈറസ് വ്യാപനത്തിന്റെ തോത് അനുസരിച്ച് പരിശോധിച്ചാല്‍ മുംബൈയില്‍ മരണസംഖ്യ കുറവാണെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സിറോ- സര്‍വ്വേയില്‍ സ്ത്രീകളില്‍ വൈറസ് വ്യാപന നിരക്ക് കൂടുതലാണ്. 

നിലവില്‍ മുംബൈയില്‍ മാത്രം ഒരു ലക്ഷത്തിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 6000ത്തില്‍പ്പരം മരണങ്ങളാണ് സംഭവിച്ചത്. നഗരത്തില്‍ മാത്രം 1.2 കോടി ജനങ്ങളാണ് താമസിക്കുന്നത്. ഇതില്‍ 65 ശതമാനവും ചേരികളിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com