'50 ലധികം പേരെ കൊന്നു, അതു കഴിഞ്ഞുളളത്  ഓര്‍മ്മയില്ല'; ഡോക്ടര്‍ പിടിയില്‍, സംഭവബഹുലമായ കഥ

50ലധികം കൊലപാതകങ്ങളുടെ സൂത്രധാരന്‍ എന്ന് സംശയിക്കുന്ന ആയുര്‍വ്വേദ ഡോക്ടറെ പൊലീസ് പിടികൂടി
'50 ലധികം പേരെ കൊന്നു, അതു കഴിഞ്ഞുളളത്  ഓര്‍മ്മയില്ല'; ഡോക്ടര്‍ പിടിയില്‍, സംഭവബഹുലമായ കഥ

ന്യൂഡല്‍ഹി: 50ലധികം കൊലപാതകങ്ങളുടെ സൂത്രധാരന്‍ എന്ന് സംശയിക്കുന്ന ആയുര്‍വ്വേദ ഡോക്ടറെ പൊലീസ് പിടികൂടി. ഡല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളിലുമായി നടന്ന കൊലപാതക പരമ്പരകളുടെ സൂത്രധാരനാണ് ഡോക്ടര്‍ എന്ന് പൊലീസ് പറയുന്നു. ഈ കൊലപാതകങ്ങളുടെ സൂത്രധാരന്‍ താനാണ് എന്ന് ചോദ്യം ചെയ്യലിനിടെ ഡോക്ടര്‍ കുറ്റസമ്മതം നടത്തി.

കൊലക്കേസില്‍ പരോള്‍ കാലാവധി കഴിഞ്ഞ ശേഷവും തിരികെ പോകാതെ ജനുവരിയില്‍ ഒളിവില്‍ പോയ ഡോക്ടര്‍ ദേവേന്ദര്‍ ശര്‍മ്മയെ ഡല്‍ഹിയിലെ ബാപ്രോള മേഖലയില്‍ നിന്നാണ് പിടികൂടിയത്. ഡല്‍ഹി, അയല്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലായി 50 ട്രക്ക്, ടാക്‌സി ഡ്രൈവര്‍മാരുടെ കൊലപാതകങ്ങളില്‍ സൂത്രധാരന്‍ ആയുര്‍വ്വേദ ഡോക്ടറാണെന്ന് പൊലീസ് പറയുന്നു.

ഇയാള്‍ നൂറിലധികം കൊലപാതക കേസുകളില്‍ പങ്കാളിയാകാനുളള സാധ്യത തളളിക്കളയാന്‍ സാധിക്കില്ലെന്നും പൊലീസ് പറയുന്നു. ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഇയാള്‍ക്കെതിരെ കേസുളളത്. കേസുകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ എത്ര കൊലപാതകങ്ങളില്‍ ഡോക്ടര്‍ പങ്കാളിയായിരുന്നു എന്ന് വ്യക്തമാകുകയുളളൂവെന്നും പൊലീസ് പറയുന്നു.

ഉത്തര്‍പ്രദേശിലെ അലിഗഡ് സ്വദേശിയാണ് 62കാരനായ ദേവേന്ദര്‍ ശര്‍മ്മ. ഡല്‍ഹിയിലെ ക്രൈംബ്രാഞ്ച് സംഘം ചൊവ്വാഴ്ചയാണ് ഇയാളെ പിടികൂടിയത്. കൊലപാതകത്തിന് പുറമേ തട്ടിക്കൊണ്ടുപോകല്‍ കേസുകളിലും ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. രാജസ്ഥാനിലെ ജയ്പൂരില്‍ കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സെന്‍ട്രല്‍ ജയിലില്‍ കഴിയുമ്പോഴാണ് 20 ദിവസത്തെ പരോള്‍ ലഭിച്ചത്. 16 വര്‍ഷം ജയിലില്‍ കഴിഞ്ഞ ശേഷം ജനുവരിയിലാണ് പരോള്‍ ലഭിച്ചത്. എന്നാല്‍ പരോള്‍ കാലാവധി കഴിഞ്ഞ് തിരികെ പോകാതെ, ഒളിവില്‍ പോകുകയായിരുന്നു. 

ഡല്‍ഹി ബാംപ്രോളയില്‍ വിധവയെ കല്യാണം കഴിച്ച് ഒളിവില്‍ കഴിയുന്നതിനിടെയാണ് ഡോക്ടറെ കുറിച്ചുളള വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചത്. വസ്തു കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കേയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  മുന്‍പ് നടത്തിയ കുറ്റകൃത്യങ്ങളെ കുറിച്ച് ഡോക്ടര്‍ വെളിപ്പെടുത്തിയതായി പൊലീസ് പറയുന്നു.


50 കൊലപാതക കേസില്‍ സൂത്രധാരന്‍ ആയിരുന്നുവെന്ന് ഡോക്ടര്‍ സമ്മതിച്ചു. 20002-2004 വര്‍ഷങ്ങളില്‍ നിരവധി കൊലപാതക കേസുകളില്‍ ഇയാളെ അറസ്റ്റ് ചെയ്തുവെങ്കിലും ആറെഴു കേസുകളില്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. 2004ല്‍ ഭര്‍ത്താവ് കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണെന്ന് തിരിച്ചറിഞ്ഞതോടെ, ഭാര്യ ഉപേക്ഷിച്ച് പോകുകയായിരുന്നു.

ചൊവ്വാഴ്ച മുതല്‍ ഇദ്ദേഹത്തെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.50 ലധികം കൊലപാതകക്കേസുകളില്‍ പങ്കാളിയാണെന്ന് ദേവേന്ദര്‍ ശര്‍മ്മ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. 50ന് ശേഷമുളള കൊലപാതകങ്ങള്‍ എണ്ണാറില്ലെന്നും ഇത് ഓര്‍ത്തിരിക്കുന്നത് തനിക്ക് ബുദ്ധിമുട്ടുളള കാര്യമാണെന്നും ശര്‍മ്മ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

ബിഎഎംഎസ് പാസായ ശര്‍മ്മ 1984ല്‍ ക്ലിനിക്ക് ആരംഭിച്ചു. പ്രാക്ടീസിനിടെ, ഗ്യാസ് ഡീലര്‍ഷിപ്പ് പദ്ധതിയില്‍ 11 ലക്ഷം രൂപ നിക്ഷേപിച്ചു.തട്ടിപ്പിന് ഇരയായതോടെ വമ്പിച്ച സാമ്പത്തിക നഷ്ടം ഉണ്ടായി. തുടര്‍ന്ന് വ്യാജ ഗ്യാസ് ഏജന്‍സിക്ക് തുടക്കമിട്ടതിലൂടെയാണ് ശര്‍മ്മയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ചരിത്രം ആരംഭിക്കുന്നതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് കിഡ്‌നി റാക്കറ്റ് ഉള്‍പ്പെടെ നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലാണ് ആയുര്‍വ്വേദ ഡോക്ടര്‍ പങ്കാളിയായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com