രണ്ടുദിനം, രണ്ട് ബിജെപി നേതാക്കള്‍ തൂങ്ങിമരിച്ച നിലയില്‍; പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസെന്ന് ആരോപണം, രാഷ്ട്രീയ വിവാദം

24 മണിക്കൂറിനിടെ പശ്ചിമ ബംഗാളില്‍ ഒരു ബിജെപി നേതാവിനെ കൂടി മരിച്ചനിലയില്‍ കണ്ടെത്തി
രണ്ടുദിനം, രണ്ട് ബിജെപി നേതാക്കള്‍ തൂങ്ങിമരിച്ച നിലയില്‍; പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസെന്ന് ആരോപണം, രാഷ്ട്രീയ വിവാദം

കൊല്‍ക്കത്ത: 24 മണിക്കൂറിനിടെ പശ്ചിമ ബംഗാളില്‍ ഒരു ബിജെപി നേതാവിനെ കൂടി മരിച്ചനിലയില്‍ കണ്ടെത്തി. ജൂലൈയില്‍ ബിജെപിയുടെ മൂന്നാമത്തെയാളാണ് അസ്വാഭാവികമായി മരിക്കുന്നത്. മൂന്നുപേരെയും തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇതിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിക്കുന്നു.

ദക്ഷിണ ബംഗാളില്‍ വ്യാഴാഴ്ച ബിജെപി പ്രവര്‍ത്തകനായ ഗൗതം പത്രയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദക്ഷിണ 24 പര്‍ഗാന ജില്ലയിലാണ് 52കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.പ്രദേശത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ട്. മൂന്ന് പാര്‍ട്ടി പ്രവര്‍ത്തകരെയും തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബിജെപി ആരോപിക്കുന്നു. എന്നാല്‍ ഇതില്‍ പങ്കില്ല എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വാദം.

കഴിഞ്ഞദിവസം കിഴക്കന്‍ മിഡ്‌നാപൂര്‍ ജില്ലയില്‍ 44കാരനായ പൂര്‍ണചന്ദ്ര ദാസിനെയാണ് വീടിന് സമീപമുളള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന് ബൂത്തിന്റെ ചാര്‍ജ്ജായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് നോര്‍ത്ത് ദിനജ്പൂര്‍ ജില്ലയില്‍ സമാനമായ നിലയിലാണ് ബിജെപി എംഎല്‍എയുടെ മൃതദേഹവും കണ്ടെത്തിയത്. 

ബൂത്തിന്റെ ചാര്‍ജ്ജ് ഉണ്ടായിരുന്ന ദാസിനെ ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടുപോയി. രാത്രി അയല്‍വാസികള്‍ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തങ്ങളുടെ പാര്‍ട്ടിയില്‍ ചേരാന്‍ ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ദാസിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. 

എന്നാല്‍ ദാസ് ഇതിന് തയ്യാറായിരുന്നില്ല. ദാസിന്റെ മരണത്തിന്റെ പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് കുടുംബം ആവശ്യപ്പെട്ടു. പൂര്‍ണചന്ദ്ര ദാസിന്റെ നാട്ടിലേക്ക് പോകവേ, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സായന്തന്‍ ബസുവിനെ പൊലീസുകാര്‍ വഴിമധ്യേ തടഞ്ഞത് വലിയ വിവാദമായിരിക്കുകയാണ്. എന്നാല്‍ പൂര്‍ണചന്ദ്ര ദാസിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണം തൃണമൂല്‍ കോണ്‍ഗ്രസ്  നിഷേധിച്ചു. കുടുംബത്തില്‍ ദീര്‍ഘകാലമായി നിലനിന്നിരുന്ന കുടിപ്പകയാണ് മരണകാരണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com