അതിര്‍ത്തിയില്‍ കനത്ത ജാഗ്രത, പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് നിര്‍ദേശം ; പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി

വീണ്ടും ചൈനീസ് പ്രകോപനം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്
അതിര്‍ത്തിയില്‍ കനത്ത ജാഗ്രത, പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് നിര്‍ദേശം ; പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി

ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. മേഖലയില്‍ നിന്ന് ഇരുസേനകളും പിന്മാറുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും നിലവില്‍ ഉള്ള ഇടങ്ങളില്‍ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സേനാംഗങ്ങള്‍ പിന്‍മാറിയിട്ടില്ല. ഇന്ത്യ-  ചൈന അതിര്‍ത്തിയായ ഗാല്‍വന്‍ താഴ്‌വരയില്‍ ഇന്നലെ വൈകിട്ട് നടന്ന മേജര്‍തലചര്‍ച്ചകള്‍ പരാജയപ്പെട്ടു. അതിര്‍ത്തിജില്ലകളില്‍ അതീവജാഗ്രതയാണ് തുടരുകയാണ്.

വീണ്ടും ചൈനീസ് പ്രകോപനം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി കടന്നുള്ള ചൈനീസ് നീക്കത്തോട് വിട്ടുവീഴ്ച വേണ്ട എന്നും സൈന്യത്തെ അറിയിച്ചിട്ടുണ്ട്. മൂന്നുസേനകൾക്കും ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് സേനയ്ക്കും ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഗാല്‍വന്‍ താഴ്‌വരയിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി.

അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, യുദ്ധസമാന സാഹചര്യം മുന്നില്‍ക്കണ്ട് ആയുധങ്ങള്‍ സംഭരിക്കാന്‍ കര, നാവിക, വ്യോമ സേനകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതൊക്കെ ആയുധങ്ങളാണ് അടിയന്തരമായി വാങ്ങേണ്ടതെന്ന കാര്യത്തില്‍ മൂന്നു സേനാ മേധാവികളുമായി ചര്‍ച്ച നടത്താനും സംഭരണ നടപടികള്‍ ഏകോപിക്കാനും സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ ചുമതലപ്പെടുത്തി. ഇരു രാജ്യങ്ങളിലെയും സൈനിക മേജര്‍മാര്‍ തമ്മിലുള്ള ചര്‍ച്ച ഇന്നും തുടര്‍ന്നേക്കും.

അതിർത്തിയോടു ചേർന്നുള്ള സേനാതാവളങ്ങളിലേക്കുള്ള ആയുധനീക്കവും വേഗത്തിലാക്കി. വ്യോമതാവളങ്ങളിലേക്ക് (ഫോർവേഡ് ബേസ്) യുദ്ധവിമാനങ്ങളും നീക്കി. ഒപ്പം, ഇന്തോ – പസഫിക് സമുദ്രമേഖലയിൽ ചൈനീസ് കടന്നുകയറ്റ നീക്കങ്ങൾക്കു തടയിടാൻ നാവികസേനാ യുദ്ധക്കപ്പലുകൾ നിലയുറപ്പിക്കും. യുഎസിന്റെ 3 വിമാനവാഹിനി കപ്പലുകൾ ചൈനയെ ലക്ഷ്യമിട്ട് സമുദ്രമേഖലയിലുണ്ട്.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ- ചൈന വിദേശകാര്യമന്ത്രിമാർ ചർച്ച നടത്തി. ആസൂത്രിത ആക്രമണമാണു നടന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുമായുള്ള ഫോൺ സംഭാഷണത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ തുറന്നടിച്ചു. അതിനിടെ, സംഘർഷത്തിലും മരണത്തിലും ആശങ്കയറിയിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇന്ത്യയും ചൈനയും പരമാവധി സംയമനം പാലിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com