ചൈനീസ് കമ്പനി വേണ്ട; 471 കോടിയുടെ കരാര്‍ റദ്ദാക്കി റെയില്‍വേ

ചൈനീസ് കമ്പനി വേണ്ട; 471 കോടിയുടെ കരാര്‍ റദ്ദാക്കി റെയില്‍വേ
ചൈനീസ് കമ്പനി വേണ്ട; 471 കോടിയുടെ കരാര്‍ റദ്ദാക്കി റെയില്‍വേ

ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാനില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീര മൃത്യു വരിച്ചതിന് പിന്നാലെ ചൈനീസ് കമ്പനിക്ക് നല്‍കിയ കരാര്‍ റദ്ദാക്കി ഇന്ത്യ. ചരക്ക് ഇടനാഴി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേ ബെയ്ജിങ് നാഷണല്‍ റെയില്‍വേ റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സിഗ്നല്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഗ്രൂപ്പുമായി ഉണ്ടാക്കിയ കരാറാണ് റദ്ദാക്കിയത്.

കാണ്‍പൂര്‍ ദീന്‍ ദയാല്‍ ഉപാധ്യായ റെയില്‍വേ സെക്ഷന്റെ 417 കിലോമീറ്റര്‍ സിഗ്‌നലിങും ടെലികോം കരാറുമാണ് റദ്ദാക്കിയത്. കാണ്‍പൂരിനും മുഗള്‍സരായിക്കും ഇടയിലായാണ് ഇടനാഴി നിര്‍മിക്കുന്നത്. ഇതിനായുള്ള സിഗ്നലിങ്, ടെലികമ്മ്യൂണിക്കേഷന്‍ കരാറാണ് ചൈനീസ് കമ്പനിക്ക് നല്‍കിയിരുന്നത്. 471 കോടിയുടെ കരാറാണ് റദ്ദാക്കിയത്.

പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസം കണക്കിലെടുത്താണ് കരാര്‍ അവസാനിപ്പിക്കുന്നതെന്നാണ് റെയില്‍വേയുടെ വിശദീകരണം. 2016ലാണ് കരാര്‍ ഒപ്പിട്ടത്. നാല് വര്‍ഷം പിന്നിട്ടിട്ടും പദ്ധതിയുടെ 20 ശതമാനം പ്രവര്‍ത്തനമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ലോക ബാാങ്ക് ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയിരുന്നത്.

ഗല്‍വാന്‍ താഴ്‌വരയില്‍ നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെ ചൈനീസ് കമ്പനികളെ ബഹിഷ്‌കരണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നു വന്നിരുന്നു. ഇതിനിടയിലാണ് റെയില്‍വേ ചൈനീസ് കമ്പനിയുമായുള്ള കരാര്‍ അവസാനിപ്പിച്ചിരിക്കുന്നത്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com