കാണ്‍പൂര്‍ അഭയകേന്ദ്രത്തില്‍ 57 പെണ്‍കുട്ടികള്‍ക്ക് കോവിഡ് ;  പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ഗര്‍ഭിണികള്‍ ; ഒരാള്‍ക്ക് എയിഡ്‌സ്

57 പെണ്‍കുട്ടികളേയും ആശുപത്രിയിലേക്ക് മാറ്റി. സ്ഥാപനം താത്ക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തു
കാണ്‍പൂര്‍ അഭയകേന്ദ്രത്തില്‍ 57 പെണ്‍കുട്ടികള്‍ക്ക് കോവിഡ് ;  പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ഗര്‍ഭിണികള്‍ ; ഒരാള്‍ക്ക് എയിഡ്‌സ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാണ്‍പൂരിലെ അഭയകേന്ദ്രത്തിലെ അന്തേവാസികളായ 57 പെണ്‍കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാണെന്ന് കണ്ടെത്തി. രണ്ടുപെണ്‍കുട്ടികള്‍ 16 വയസ്സില്‍ താഴെ പ്രായമുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്.

കൂടാതെ കോവിഡ് സ്ഥിരീകരിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ എച്ച്‌ഐപി പോസിറ്റീവ് ആണെന്നും മറ്റൊരാള്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചതായും ഡോക്ടര്‍മാര്‍ അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ 57 പെണ്‍കുട്ടികളേയും ആശുപത്രിയിലേക്ക് മാറ്റി. സ്ഥാപനത്തിലെ ജീവനക്കാരേയും മറ്റു പെണ്‍കുട്ടികളേയും ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും സ്ഥാപനം താത്ക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തു.

അഭയകേന്ദ്രത്തിലെ ഒരു യുവതിയ്ക്ക് ഒരാഴ്ച മുമ്പ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ പേര്‍ക്ക് പരിശോധന നടത്തിയത്. ജൂണ്‍ 18 ന് 33 പേര്‍ക്കും അടുത്ത് രണ്ട് ദിവസങ്ങളായി എട്ട് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ആഗ്ര, എട്ടാ, കനൗജ്, ഫിറോസാബാദ്, കാണ്‍പുര്‍ എന്നിവടങ്ങളിലെ ശിശുക്ഷേമസമിതികളില്‍ നിന്നെത്തിയതാണ് അഞ്ച് പെണ്‍കുട്ടികളെന്നും സ്ഥാപനത്തിലെത്തുന്നതിന് മുമ്പ് തന്നെ ഇവര്‍ ഗര്‍ഭിണികളായിരുന്നുവെന്നും കാണ്‍പുര്‍ ജില്ലാ മജിസ്‌ട്രേറ്റ് ബ്രഹ്മദേവ് തിവാരി വ്യക്തമാക്കി.

കാണ്‍പുര്‍ ശിശുക്ഷേമസമിതി എത്തിച്ച രണ്ട് ഗര്‍ഭിണികളായ പെണ്‍കുട്ടികള്‍ കൂടി കേന്ദ്രത്തിലുണ്ടെന്നും എന്നാല്‍ ഇവര്‍ക്ക് കോവിഡ് ബാധയില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞതായും ബ്രഹ്മദേവ് തിവാരി അറിയിച്ചു. 17,000 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച യുപിയില്‍ 400 ഓളം രോഗികളുമായി കാണ്‍പുര്‍ രണ്ടാം സ്ഥാനത്താണ് . ഏറ്റവുമധികം രോഗികളുള്ളത് നോയിഡയിലാണ്. 507 പേര്‍ക്ക് ഇതുവരെ ജീവഹാനി സംഭവിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com