കോവിഡ് മനുഷ്യനിര്‍മ്മിത ദുരന്തം, പ്രതിരോധത്തിന് യോഗയും പ്രാണായാമവും: ശ്രീ ശ്രീ രവിശങ്കര്‍

കോവിഡ് മഹാമാരി മനുഷ്യനിര്‍മ്മിത ദുരന്തമെന്ന് ശ്രീ ശ്രീ രവിശങ്കര്‍
കോവിഡ് മനുഷ്യനിര്‍മ്മിത ദുരന്തം, പ്രതിരോധത്തിന് യോഗയും പ്രാണായാമവും: ശ്രീ ശ്രീ രവിശങ്കര്‍

ചെന്നൈ:  കോവിഡ് മഹാമാരി മനുഷ്യനിര്‍മ്മിത ദുരന്തമെന്ന് ശ്രീ ശ്രീ രവിശങ്കര്‍. ഇത് അധികകാലം നിലനില്‍ക്കില്ല. സന്തുലനം പാലിക്കാന്‍ സാധിക്കുക എന്നതാണ് നല്ലൊരു ജീവിതം നയിക്കാന്‍ ആവശ്യം. കോവിഡിനെതിരായ പോരാട്ടത്തില്‍ യോഗ ശീലമാക്കാനും ശ്രീ ശ്രീ രവിശങ്കര്‍ അഭ്യര്‍ത്ഥിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിക്കുന്ന എക്‌സ്പ്രഷന്‍സ് പരമ്പരയില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്ളയുടെയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക കാവേരി ബംസായിയുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ശ്രീ ശ്രീ രവിശങ്കര്‍.

കോവിഡിനെതിരായ പോരാട്ടത്തില്‍ ശാസ്ത്രവും ആത്മീയതയും യോജിച്ച് പോകേണ്ടത് മാനസിക, ശാരീരിക ആരോഗ്യത്തിന് അനിവാര്യമാണ്. കോവിഡ് വ്യാപനത്തില്‍ ജനങ്ങള്‍ ഒന്നടങ്കം ആശങ്കയിലാണ്. അതിനാല്‍ ആന്തരികമായ ശക്തി അത്യാവശ്യമാണ്. ധ്യാനവും പ്രാണായാമവും രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുമെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.

പാശ്ചാത്യ രാജ്യങ്ങള്‍ യോഗയെ ഇതിനോടകം തന്നെ അംഗീകരിച്ചു കഴിഞ്ഞു. ഒരു തത്ത്വസംഹിത എന്ന നിലയിലല്ല യോഗയെ അവര്‍ കാണുന്നത്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗ വളരെ പ്രയോജനകരമാണ് എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ പരിശീലനരീതിയെ ഇവര്‍ സ്വീകരിച്ചത്. അടുത്തിടെ കോവിഡാനന്തര ലോകത്തെ ജനങ്ങളുടെ മാനസികാരോഗ്യത്തെ കുറിച്ച് ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇതിന് യോഗയും ധ്യാനവുമാണ് ഉത്തരം. മറ്റു വഴികള്‍ ഒന്നും ഇല്ലെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.

ആത്മീയതയെ ബിസിനസ്സാക്കി മാറ്റാന്‍ ഒരിക്കലും സാധിക്കില്ല. ഇതിന്റെ ഒരു ഭാഗം സേവനമേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. സേവനമനോഭാവം ഇല്ലെങ്കില്‍ ആത്മീയത പൂര്‍ണമാകില്ല. ഏതൊരു ആത്മീയ പ്രവര്‍ത്തനത്തിന്റെയും ഒരു ഭാഗം മാത്രമാണ് വരുമാനമെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. അമേരിക്കയില്‍ 3200 കോടി ഡോളറിന്റെ വ്യവസായമാണ് യോഗയെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com