യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കാന്‍ ചൈന ശ്രമിക്കുന്നു; പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇന്ത്യയുടെ താക്കീത്

ധാരണകള്‍ക്ക് വിരുദ്ധമായി നിയന്ത്രണരേഖയില്‍ ചൈന തുടരുന്ന കടന്നുക്കയറ്റങ്ങളില്‍ താക്കീതുമായി ഇന്ത്യ
യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കാന്‍ ചൈന ശ്രമിക്കുന്നു; പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇന്ത്യയുടെ താക്കീത്

ന്യൂഡല്‍ഹി: ധാരണകള്‍ക്ക് വിരുദ്ധമായി നിയന്ത്രണരേഖയില്‍ ചൈന തുടരുന്ന കടന്നുക്കയറ്റങ്ങളില്‍ താക്കീതുമായി ഇന്ത്യ. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണരേഖയില്‍ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ മുന്നറിയിപ്പ്. ഇത്തരം നീക്കങ്ങളുമായി മുന്നോട്ടുപോകാനാണ് ഭാവമെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ഇന്ത്യ താക്കീത് നല്‍കി. നിയന്ത്രണരേഖയില്‍ യുദ്ധ സമാനമായ സാഹചര്യം സൃഷ്ടിക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും ഇന്ത്യ കുറ്റപ്പെടുത്തി.

ഗല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് സൈനിക തലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സേനയെ പിന്‍വലിക്കാമെന്ന് ചൈന ഉറപ്പുനല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ചൈനീസ് സൈനികരും സൈനിക വാഹനങ്ങളും പിന്‍വാങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഡെസ്പാങ് സമതലം ഒഴികെ യഥാര്‍ത്ഥ നിയന്ത്രണരേഖയോട് ചേര്‍ന്ന മുഴുവന്‍ പ്രദേശത്തും ചൈനീസ് സൈനികര്‍ സാന്നിധ്യം ഉറപ്പിച്ചതായാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്. ഇത് മുന്‍ ധാരണങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തുന്നു.

1990ത്തിന് മുന്‍പത്തെ അവസ്ഥയിലേക്ക് കാര്യങ്ങളെ കൊണ്ട് എത്തിക്കാനാണ് ചൈന ശ്രമിക്കുന്നത്. നിയന്ത്രണരേഖയില്‍ യുദ്ധ സമാനമായ സാഹചര്യം സൃഷ്ടിക്കാനാണ് ചൈനയുടെ ശ്രമം. മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് 1993ല്‍ ഉണ്ടാക്കിയ ധാരണകള്‍ തെറ്റിച്ചു കൊണ്ടാണ് ചൈന മുന്നോട്ടുപോകുന്നത്. ഇത് ഉഭയകക്ഷി ബന്ധത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. മൂന്നു ദശാബ്ദമായി തുടരുന്ന ഉഭയകക്ഷി ബന്ധത്തില്‍ വിളളല്‍ വീഴ്ത്താനാണ് ചൈന ശ്രമിക്കുന്നതെന്നും ഇന്ത്യ കുറ്റപ്പെടുത്തി. ചൈനയുടെ പ്രകോപനം സൈനികമായി കൈകാര്യം ചെയ്യാനും ഇന്ത്യക്ക് ശേഷിയുണ്ടെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

നിയന്ത്രണരേഖയിലെ സ്ഥിതിഗതികള്‍ അനിശ്ചിതകാലത്തേയ്ക്ക് അതേപോലെ തുടരാന്‍ അനുവദിക്കാനാവില്ല.മുന്‍ ധാരണകള്‍ ആത്മാര്‍ഥമായി പാലിക്കാന്‍ ചൈന തയ്യാറാവണം. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ചൈന തയ്യാറാവണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com