ധാരണ ലംഘിച്ച് വീണ്ടും ചൈനീസ് പ്രകോപനം, പാംഗോങ്ങില്‍ കൂടുതല്‍ കടന്നുകയറി; ഹെലിപ്പാഡ് നിര്‍മ്മാണം

നിയന്ത്രണരേഖയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യയുമായുണ്ടാക്കിയ ധാരണ ലംഘിച്ച് വീണ്ടും ചൈനയുടെ പ്രകോപനം.
ധാരണ ലംഘിച്ച് വീണ്ടും ചൈനീസ് പ്രകോപനം, പാംഗോങ്ങില്‍ കൂടുതല്‍ കടന്നുകയറി; ഹെലിപ്പാഡ് നിര്‍മ്മാണം

ന്യൂഡല്‍ഹി: നിയന്ത്രണരേഖയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യയുമായുണ്ടാക്കിയ ധാരണ ലംഘിച്ച് വീണ്ടും ചൈനയുടെ പ്രകോപനം. ലഡാക്കിലെ പാംഗോങ്ങില്‍ കൂടുതല്‍ കടന്നുക്കയറ്റം നടത്തി ഹെലിപ്പാഡ് നിര്‍മ്മാണം തുടങ്ങി. ഫിംഗര്‍ ഫോറിലാണ് ഹെലിപ്പാഡ് നിര്‍മ്മാണം തകൃതിയായി നടക്കുന്നത്. പാംഗോങ് തടാകത്തിന്റെ തെക്കന്‍ തീരത്ത് സൈനിക വിന്യാസവും വര്‍ധിപ്പിച്ചിട്ടുണ്ട്.അതേസമയം, ചൈനീസ് നടപടി വിശ്വാസത്തിന് പോറലേല്‍പ്പിച്ചെന്ന് ഇന്ത്യയുടെ ചൈനീസ് സ്ഥാനപതി പ്രതികരിച്ചു.

ഗല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് സൈനിക തലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സേനയെ പിന്‍വലിക്കാമെന്ന് ചൈന ഉറപ്പുനല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ചൈനീസ് സൈനികരും സൈനിക വാഹനങ്ങളും പിന്‍വാങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഡെസ്പാങ് സമതലം ഒഴികെ യഥാര്‍ത്ഥ നിയന്ത്രണരേഖയോട് ചേര്‍ന്ന മുഴുവന്‍ പ്രദേശത്തും ചൈനീസ് സൈനികര്‍ സാന്നിധ്യം ഉറപ്പിച്ചതായി കഴിഞ്ഞദിവസം സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇത് മുന്‍ ധാരണങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തുന്നു. നിയന്ത്രണരേഖയില്‍ യുദ്ധ സമാനമായ സാഹചര്യം സൃഷ്ടിക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും ഇന്ത്യ കുറ്റപ്പെടുത്തി.
അതിനിടെയാണ് പാംഗോങ്ങില്‍ ചൈന പ്രകോപനം സൃഷ്ടിച്ചത്.

അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ലഡാക്കില്‍ കഴിഞ്ഞദിവസം ഇന്ത്യ സൈനികാഭ്യാസ പ്രകടനം നടത്തി. കരവ്യോമ സേനകള്‍ സംയുക്തമായാണ് അഭ്യാസപ്രകടനം നടത്തിയത്. സുഖോയ് 30, മിഗ് 29 യുദ്ധവിമാനങ്ങളും അപാചി അറ്റാക് ഹെലികോപ്റ്റര്‍, ചിനൂക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്റര്‍, ചരക്ക് വിമാനങ്ങള്‍ എന്നിവ പങ്കെടുത്തു. കരസേനാംഗങ്ങളെയും ടാങ്ക് അടക്കമുള്ള സന്നാഹങ്ങളെയും വിമാനമാര്‍ഗം അതിര്‍ത്തി മേഖലകളില്‍ അതിവേഗം വിന്യസിക്കുന്നതിന്റെ പരിശീലനമാണു നടത്തിയത്.

അതിര്‍ത്തി മേഖലകളില്‍ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും നിരീക്ഷണപ്പറക്കല്‍ നടത്തി. ചൈനീസ് യുദ്ധവിമാനങ്ങളും അതിര്‍ത്തിയോടു ചേര്‍ന്ന് നിലയുറപ്പിച്ചിട്ടുണ്ട്. സൈന്യത്തിന്റെ കൂടുതല്‍ ആയുധങ്ങളും അതിര്‍ത്ത് ബേസ് ക്യാമ്പിലേക്ക് എത്തിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. നിലവിലെ സംഘര്‍ഷാവസ്ഥ തുടര്‍ന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുമെന്നും, പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിന് പിന്നാലെയാണ് സൈനിക അഭ്യാസപ്രകടനങ്ങള്‍. അതിര്‍ത്തിയില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് അനുമതി നല്‍കിയിരുന്നു. ഇതിനിടെ കരസേന മേധാവി ജനറല്‍ എം എം നാരാവ്‌നെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങുമായി കൂടിക്കാഴ്ച നടത്തി. മേഖലയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. റഷ്യയില്‍ സന്ദര്‍ശനത്തിലായിരുന്ന പ്രതിരോധമന്ത്രി ഇന്നലെയാണ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്.

അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും സൈനികശേഷി വര്‍ധിപ്പിക്കുകയാണ്. ഇന്ത്യന്‍ സൈന്യം 36,000 സൈനികരെ കൂടുതലായി ലഡാക്കിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. ദസ്പാങിലേക്ക് ചൈനീസ് സൈന്യവും പതിനായിരത്തോളം സൈനികരെ അധികമായി വിന്യസിച്ചിട്ടുണ്ട്. അതിനിടെ ലഡാക്കിലെ പോങോങ്‌സോയില്‍ ചൈനീസ് സൈന്യം കടന്നുകയറുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തതിന്റെ സാറ്റലൈറ്റ് ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com