അതിർത്തി സംഘർഷം; ബിജെപിക്കൊപ്പം നിൽക്കണമെന്ന് ആവശ്യപ്പെട്ട് മായാവതി

അതിർത്തി സംഘർഷം; ബിജെപിക്കൊപ്പം നിൽക്കണമെന്ന് ആവശ്യപ്പെട്ട് മായാവതി
അതിർത്തി സംഘർഷം; ബിജെപിക്കൊപ്പം നിൽക്കണമെന്ന് ആവശ്യപ്പെട്ട് മായാവതി

ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിൽ ബിജെപിക്കൊപ്പം നിൽക്കണമെന്ന ആവശ്യമുന്നയിച്ച് ബഹുജൻ സമാജ്‌വാദി പാർട്ടി (ബിഎസ്പി) നേതാവ് മായാവതി. വിഷയത്തിൽ ബിജെപിയും കോൺഗ്രസും പരസ്പരമുന്നയിക്കുന്ന ആരോപണങ്ങൾ രാജ്യതാത്പര്യമല്ല മറിച്ച് ആശങ്കാജനമാണെന്നും മായാവതി പറഞ്ഞു.

ചൈനയ്ക്ക് ഈ സാഹചര്യം മുതലെടുക്കാൻ സാധിക്കും. ഇത്തരം ആരോപണ പ്രത്യാരോപണങ്ങളിൽ മറ്റു പ്രശ്നങ്ങൾ അവഗണിക്കപ്പെടുകയാണെന്നും അവർ വ്യക്തമാക്കി.

അധികാരത്തിലിരുന്നപ്പോൾ പിന്നോക്ക ജാതിക്കാരും ഗോത്ര വർഗക്കാരുമുൾപ്പടെയുള്ള പാർശ്വവത്കരിക്കപ്പെട്ടവർക്കായി എന്തെങ്കിലും ചെയ്യുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടതിനെ തുടർന്നാണ് ബിഎസ്പി രൂപവത്കൃതമായത്. ബിഎസ്പി ആരുടേയും കൈയിലെ കളിപ്പാട്ടമല്ലെന്നും ദേശീയതലത്തിൽ രൂപവത്കരിക്കപ്പെട്ട സ്വതന്ത്ര പാർട്ടിയാണെന്നും മായാവതി ഓർമിപ്പിച്ചു.

കോൺഗ്രസ് ചെയ്ത കാര്യങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് അവ ആവർത്തിക്കാതിരിക്കാൻ ബിജെപി ശ്രദ്ധിക്കണം. ഇന്ത്യയെ ആത്മനിർഭർ എന്ന നിലയിലേക്കുയർത്താൻ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. പ്രചാരണം കൊടുത്തതു കൊണ്ട് കാര്യമില്ല. ദിനംപ്രതി ഇന്ധന വില ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ കേന്ദ്രത്തിനെതിരെ മായാവതി വിമർശമുന്നിയിച്ചു.

ഇന്ത്യ- ചൈന സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന കോൺഗ്രസിന്റെ നിലപാടിൽ പാർട്ടിയെയും രാഹുൽ ഗാന്ധിയെയും കൂടുതൽ ഒറ്റപ്പെടുത്തുന്നതിന്റെ സൂചനയാണ് മായാവതിയുടെ പ്രസ്താവന. മയാവതിക്ക് പുറമേ എൻസിപി നേതാവ് ശരദ് പവാറും കേന്ദ്രത്തിന് പിന്തുണ അറിയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com