ഇനി വിമാനയാത്രയ്ക്കിടെ ഇന്റര്‍നെറ്റ് ആസ്വദിക്കാം; നിയന്ത്രണം നീക്കി കേന്ദ്രസര്‍ക്കാര്‍

വിമാനയാത്രയ്ക്കിടെ, ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന നീണ്ടക്കാലത്തെ ആവശ്യത്തിന് ചെവികൊടുത്ത് കേന്ദ്രസര്‍ക്കാര്‍
ഇനി വിമാനയാത്രയ്ക്കിടെ ഇന്റര്‍നെറ്റ് ആസ്വദിക്കാം; നിയന്ത്രണം നീക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ, ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന നീണ്ടക്കാലത്തെ ആവശ്യത്തിന് ചെവികൊടുത്ത് കേന്ദ്രസര്‍ക്കാര്‍. യാത്രവേളയില്‍ വൈ-ഫൈ സംവിധാനം ഉപയോഗിച്ച് ഇന്റര്‍നെറ്റ് സേവനം പ്രയോജനപ്പെടുത്താന്‍ യാത്രക്കാരെ അനുവദിച്ച് വ്യോമയാനമന്ത്രാലയം വിജ്ഞാപനം ഇറക്കി. ഇതോടെ ലാപ്‌ടോപ്, സ്മാര്‍ട്ട് ഫോണ്‍ എന്നിവ ഉപയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് ഒഴിവാകുന്നത്.

വിമാനയാത്രയ്ക്കിടെ, പൈലറ്റിന്റെ അനുമതിയോടെ ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗിക്കാമെന്നാണ് സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നത്. വിമാനത്തിലുളള വൈ-ഫൈ സംവിധാനം ഇതിനായി പ്രയോജനപ്പെടുത്താവുന്നതാണ്. ഇത് ഉപയോഗിച്ച് ലാപ് ടോപ്പ്, സ്മാര്‍ട്ട് ഫോണ്‍, തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ ഇന്റര്‍നെറ്റ് സേവനം പ്രയോജനപ്പെടുത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. 

എന്നാല്‍ ഇന്റര്‍നെറ്റ് സേവനം പ്രയോജനപ്പെടുത്തുന്നതിന് ഒരു ഉപാധിയും വ്യോമയാന മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്. ഇലക്ട്രോണിക് ഉപകരണം ഫ്‌ളൈറ്റ് മോഡില്‍ അല്ലെങ്കില്‍ എയര്‍പ്ലെയിന്‍ മോഡിലായിരിക്കണം എന്ന വ്യവസ്ഥയാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. അതായത് ഈ മോഡില്‍ നിന്നുകൊണ്ട് മാത്രമേ ഇന്റര്‍നെറ്റ് സേവനം പ്രയോജനപ്പെടുത്താന്‍ അനുവദിക്കൂ എന്ന് ചുരുക്കം.

വിമാനയാത്രയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അനുവദിക്കണമെന്നത് യാത്രക്കാരുടെ നീണ്ടക്കാലത്തെ ആവശ്യമായിരുന്നു. ഇതിന് അനുകൂലമായ ശുപാര്‍ശയാണ് ട്രായ് വ്യോമയാന മന്ത്രാലയത്തിന് നല്‍കിയത്. ഇതെല്ലാം കണക്കിലെടുത്താണ് നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com