22 എംഎല്‍എമാര്‍ രാജി നല്‍കി, കമല്‍നാഥ് സര്‍ക്കാര്‍ പുറത്തേയ്ക്ക്; മധ്യപ്രദേശും കൈവിട്ട് കോണ്‍ഗ്രസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th March 2020 05:19 PM  |  

Last Updated: 10th March 2020 05:31 PM  |   A+A-   |  

 

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മുന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ നിര്‍ണായക കരുനീക്കങ്ങള്‍. കോണ്‍ഗ്രസില്‍ നിന്ന് ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതിന് പിന്നാലെ കമല്‍നാഥ് സര്‍ക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കി കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു. ഇതോടെ ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ എണ്ണം 22 ആയി. അതിനിടെ കോണ്‍ഗ്രസിന് പിന്തുണ കൊടുത്തിരുന്ന ബിഎസ്പി , എസ്പി എംഎല്‍എമാര്‍ ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാനുമായി കൂടിക്കാഴ്ച നടത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ചങ്കിടിപ്പ് വര്‍ധിപ്പിച്ചു. 

രാജ്യസഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ, ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന മന്ത്രിമാര്‍ ഉള്‍പ്പെടെ 19 എംഎല്‍എമാര്‍ ബംഗലൂരുവിലേക്ക് കടന്നതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. കഴിഞ്ഞ കുറെ നാളുകളായി കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിന്നിരുന്ന ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതോടെ ഇതിന്റെ ആക്കം വര്‍ധിച്ചു. ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് വൈകീട്ട് ബിജെപിയില്‍ ചേരുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അതിനിടെയാണ് ജ്യോതിരാദിത്യ സിന്ധ്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പുതുതായി മൂന്ന് കോണ്‍ഗ്രസ് എംഎല്‍മാര്‍ കൂടി രാജിവെച്ചത്. മനോജ് ചൗധരി, മോറെനാ, അദല്‍ സിങ് കന്‍സാന എന്നിവര്‍ രാജിക്കത്ത് നല്‍കിയതോടെയാണ് രാജിവെച്ച കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 22 ആയത്.

ശിവരാജ് സിങ് ചൗഹാന്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. ഇതിന് വേണ്ട കരുനീക്കങ്ങള്‍ ബിജെപി ശക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുന്നത് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് വൈകീട്ട് ആറുമണിക്ക് ഡല്‍ഹിയില്‍ വച്ച് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നേക്കും. ഇതിന് പിന്നാലെ ഭോപ്പാലില്‍ ഹോട്ടലില്‍ ബിജെപി എംഎല്‍എമാര്‍ യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ക്ക് രൂപം നല്‍കും.

ഇടഞ്ഞുനില്‍ക്കുന്ന സിന്ധ്യയെ മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജ്യോതിരാദിത്യ സിന്ധ്യ- മോദി കൂടിക്കാഴ്ച. പിസിസി അധ്യക്ഷസ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തനായ സിന്ധ്യ, രാജ്യസഭാ സീറ്റ് കൂടി ലക്ഷ്യമിട്ടാണ് വിമത നീക്കത്തിന് തുടക്കമിട്ടത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതിനെ തുടര്‍ന്ന് ജ്യോതിരാദിത്യ സിന്ധ്യ, മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു.  ഇതിന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അന്തരിച്ച മാധവറാവു സിന്ധ്യയുടെ ജന്മദിനം തെരഞ്ഞെടുത്തതും ശ്രദ്ധേയമായി.

ജ്യോതിരാദിത്യ സിന്ധ്യ ക്യാമ്പ് ബിജെപി ക്യാമ്പിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കിയാണ് ഓരോ നീക്കവും. അതേസമയം പ്രശ്‌നപരിഹാരനീക്കങ്ങള്‍ കോണ്‍ഗ്രസ് തുടരുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 20 മന്ത്രിമാര്‍ രാജിസമര്‍പ്പിച്ചു. സിന്ധ്യക്കൊപ്പം നില്‍ക്കുന്ന വിമതരെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണ് നീക്കം. 29 അംഗങ്ങളാണ് കമല്‍നാഥ് മന്ത്രിസഭയിലുണ്ടായിരുന്നത്. ഇവരില്‍ ഇരുപതുപേരാണ് രാജിസമര്‍പ്പിച്ചത്. 

രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോണ്‍ഗ്രസിനുള്ളിലെ പോര് മറനീക്കി പുറത്ത് വന്നത്. രണ്ടുതവണ മുഖ്യമന്ത്രിയായ ദിഗ് വിജയ് സിങ്ങിന്റെ രാജ്യസഭയിലെ കാലാവധി ഏപ്രിലില്‍ അവസാനിക്കുകയാണ്. ഒഴിവുവരുന്ന ഈ സീറ്റില്‍ ദിഗ് വിജയ് സിങ്ങും പിസിസി അധ്യക്ഷസ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തിയുള്ള ജ്യോതിരാദിത്യ സിന്ധ്യയും അവകാശവാദമുന്നയിച്ചിരുന്നു.