കൊറോണ മൃതദേഹത്തിലൂടെ പകരില്ല: ആശങ്ക വേണ്ടെന്ന് എയിംസിലെ ഡോക്ടര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th March 2020 04:46 PM  |  

Last Updated: 14th March 2020 04:46 PM  |   A+A-   |  

 

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധിച്ചവരുടെ മൃതദേഹത്തിലൂടെ രോഗം പകരില്ലെന്ന് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍. ശ്വസനവുമായി ബന്ധപ്പെട്ട സ്രവങ്ങളിലൂടെ മാത്രമേ രോഗം പകരുകയുളളൂ. ചുമ വഴിയാണ് രോഗം മറ്റുളളവരിലേക്ക് പകരുന്നത്. അതിനാല്‍ രോഗം ബാധിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്നതില്‍ ഒരു വിധത്തിലുളള അപകടവും ഇല്ലെന്നും എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ പറയുന്നു.

കോവിഡ് രോഗലക്ഷണങ്ങള്‍ ഉളളവര്‍ മരിച്ചതിനെ തുടര്‍ന്ന് രോഗം പകരുമെന്ന ഭീതിയില്‍ മരിച്ചവരുടെ വീടുകളില്‍ നാട്ടുകാര്‍ പോകാത്ത ഒന്നിലധികം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൃതദേഹത്തിലൂടെ രോഗം പകരുമെന്ന ഭീതിയിലാണ് നാട്ടുകാര്‍ മരിച്ചവരുടെ വീടുകളിലേക്ക് പോകാത്തത്. ഈ പശ്ചാത്തലത്തിലാണ് ഡോക്ടറുടെ പ്രതികരണം.

രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 88 ആയി ഉയര്‍ന്നിട്ടുണ്ട്. രോഗബാധയെ തുടര്‍ന്ന് ചികിത്സയിലുണ്ടായിരുന്ന രണ്ടുപേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്.