കൊറോണ; നാഗ്പൂരിലും നാസിക്കിലും നിരോധനാജ്ഞ; ആള്‍ക്കൂട്ടത്തിന് പൂര്‍ണവിലക്ക് 

കൊറോണ വൈറസ് വ്യാപനം തടയാന്‍ മഹാരാഷ്ട്രയിലെ നാസിക്കിലുംനാഗ്പൂരിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു
കൊറോണ; നാഗ്പൂരിലും നാസിക്കിലും നിരോധനാജ്ഞ; ആള്‍ക്കൂട്ടത്തിന് പൂര്‍ണവിലക്ക് 

മുംബൈ:  രണ്ടുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ രണ്ടിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാസിക്കിലും
നാഗ്പൂരിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. രാജ്യത്ത് ഏറ്റവും കുടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്.

ഇരുനഗരങ്ങളിലെയും പൂന്തോട്ടങ്ങള്‍, ജോഗിങ് ട്രാക്കുകള്‍ തുടങ്ങി ആളുകള്‍ ഒത്തുകൂടുന്ന ഇടങ്ങളെല്ലാം അടച്ചു. രാഷ്ട്രീയപാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍, മതപരമായ ചടങ്ങുകള്‍, ആഘോഷങ്ങള്‍ക്കായി ആളുകള്‍ ഒത്തുകൂടുന്നതിനെല്ലാം ജില്ലാ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തി. 

അതിനിടെ മൂന്ന് വയസുകാരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക്് നേരത്തെ വൈറസ് ബാധ സ്ഥിരികരിച്ചിരുന്നു.  കുട്ടിയുടെ പിതാവ് മുംബൈയിലെ കസ്തൂര്‍ബാ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ പിതാവ് അടുത്തിടെ യുഎസ് സന്ദര്‍ശനം നടത്തിയിരുന്നു.  ഇതോടെ സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 39 ആയി. 

കൊറോണ വൈറസ് പടരാതിരിക്കുന്നതിനായി സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. മാര്‍ച്ച് 25വരെ സ്‌കൂള്‍, കോളജുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കര്‍ണാടകയില്‍ രണ്ട് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥീരികരിച്ചു. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം പത്തായി. 20കാരിക്കും 60കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ നിന്ന് മടങ്ങിയെത്തിയതാണ് യുവതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com