വധശിക്ഷ സ്റ്റേ ചെയ്യണം: നിര്‍ഭയ കേസ് പ്രതികള്‍ വീണ്ടും കോടതിയില്‍, നോട്ടീസയച്ചു

രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതികള്‍ വീണ്ടു വിചാരണ കോടതിയെ സമീപിച്ചു.
വധശിക്ഷ സ്റ്റേ ചെയ്യണം: നിര്‍ഭയ കേസ് പ്രതികള്‍ വീണ്ടും കോടതിയില്‍, നോട്ടീസയച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതികള്‍ വീണ്ടു വിചാരണ കോടതിയെ സമീപിച്ചു. കേസില്‍ നിരവധി ഹര്‍ജികള്‍ വിവിധ കോടതികളില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കാണിച്ചാണ് ഡല്‍ഹി കോടതിയെ സമീപിച്ചിരിക്കുന്നത്. രണ്ടാമതും ദയാഹര്‍ജി നല്‍കിയിട്ടുണ്ടെന്നും ഇവയെല്ലാം തീര്‍പ്പാക്കാതെ വിധി നടപ്പാക്കരുത് എന്നാണ് ആവശ്യം. പ്രതികളില്‍ ഒരാളായ മുകേഷ് സിങാണ് ദയാഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ തിഹാര്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കോടതി നോട്ടീസയച്ചു. വിഷയം നാളെ കോടതി വീണ്ടും പരിഗണിക്കും. 

പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനു മുന്നോടിയായുള്ള ഡമ്മി പരീക്ഷണം നടത്തിയിരുന്നു. നാളെ വീണ്ടും ഡമ്മി പരീക്ഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30നാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ മരണ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. 

ശിക്ഷ നടപ്പാക്കുന്നതിനായി ആരാച്ചാര്‍ പവന്‍കുമാര്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് തീഹാര്‍ ജയിലില്‍ എത്തിയിരുന്നു. വൈകീട്ട് ജയിലിലെത്തിയ ആരാച്ചാര്‍ തൂക്കുമരം, ലിവര്‍, കയര്‍ തുടങ്ങിയ സംവിധാനങ്ങളെല്ലാം പരിശോധിച്ചു. ജയില്‍ ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഗോയല്‍, ജയില്‍ സൂപ്രണ്ട് തുടങ്ങിയവര്‍ ആരാച്ചാര്‍ക്കൊപ്പമുണ്ടായിരുന്നു. ഇന്ന് രാവിലെ ജയില്‍ നമ്പര്‍ ത്രീയില്‍ വെച്ചു നടത്തിയ ഡമ്മി പരീക്ഷണം ജയില്‍ ഡയറക്ടര്‍ ജനറല്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു.

കേസിലെ പ്രതികളില്‍ ഒരാളായ അക്ഷയ് സിങ് ഠാക്കൂറിന്റെ ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിച്ചിട്ടുണ്ട്. ഔറംഗാബാദ് കുടുംബകോടതി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെയാണ് ഇവര്‍ സമീപിച്ചിരിക്കുന്നത്. 2012 ഡിസംബര്‍ 16 ന് നടന്ന ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നാലുപ്രതികളില്‍ ഒരാളാണ് അക്ഷയ് സിങ് ഠാക്കൂറെന്നും ഇയാളെ വധശിക്ഷക്ക് വിധിച്ചിരിക്കുകയാണെന്നും വിവാഹമോചന ഹര്‍ജിയില്‍ ഭാര്യ പുനിത പറയുന്നു. ഭര്‍ത്താവിന്റെ നിരപരാധിത്വം തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അക്ഷയ് സിംഗ് ഠാക്കൂറിന്റെ വിധവയായി ജീവിതകാലം മുഴുവന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ വിവാഹമോചനം നല്‍കണമെന്നും ഇവര്‍ പറയുന്നു.കേസില്‍, അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകഷ് സിങ് എന്നിങ്ങനെ നാലുപ്രതികളാണുള്ളത്. മറ്റൊരു പ്രതി രാം സിങ് വിചാരണക്കിടെ ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com