കോവിഡ് രോഗിയുടെ അമ്മയെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു ; നടപടി മകന്റെ വിദേശയാത്ര മറച്ചുവെച്ചതിന് 

മകന്‍ ജര്‍മ്മനി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചശേഷം  ഈ മാസം 13 നാണ് ബംഗലൂരുവില്‍ മടങ്ങിയെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗലൂരു : കോവിഡ് 19 രോഗിയുടെ അമ്മയെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. റെയില്‍വേയിലെ ജോലിയില്‍ നിന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. ബംഗലൂരുവില്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ സോണില്‍ അസിസ്റ്റന്റ് പേഴ്‌സണല്‍ ഓഫീസര്‍ക്കെതിരെയാണ് നടപടി. മകന്റെ വിദേശയാത്രാ വിവരം മറച്ചുവെച്ചതിനാണ് നടപടിയെടുത്തത്. 

ഇവരുടെ 25 കാരനായ മകന്‍ ജര്‍മ്മനി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചശേഷം  ഈ മാസം 13 നാണ് ബംഗലൂരുവില്‍ മടങ്ങിയെത്തിയത്. കെപഗൗഡ വിമാനത്താവളത്തില്‍ വെച്ച് ഇയാളോട് വീട്ടില്‍ ക്വാറന്റീനില്‍ കഴിയാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം മറച്ചുവെച്ച് ഇയാളെ സര്‍ക്കാര്‍ റസ്റ്റ് ഹൗസില്‍ താമസിപ്പിക്കുകയായിരുന്നു. 

സ്റ്റേഷന് സമീപത്തുള്ള ഓഫീസര്‍മാരുടെ റസ്റ്റ് ഹൗസിലാണ് മകനെ താമസിപ്പിച്ചത്. മാര്‍ച്ച് 18 ന് പരിശോധനയില്‍ മകന്‍ കോവിഡ് രോഗബാധിതനാണെന്ന് സ്ഥിരീകരിച്ചു. വിവരങ്ങളൊന്നും റെയില്‍വേയെ അറിയിച്ചിരുന്നില്ലെന്നും സൗത്ത് വെസ്റ്റ് റെയില്‍വേസ് ജനറല്‍ മാനേജര്‍ അജയ് കുമാര്‍ സിങ് പറഞ്ഞു. 

കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയവരും, ബന്ധുക്കളും ഇക്കാര്യം ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ നിയമം പാസ്സാക്കിയിരുന്നു. ഉദ്യോഗസ്ഥയുടെ നടപടി ഈ നിയമത്തിന്റം ലംഘനമാണ്. മാത്രമല്ല, മകനെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിപ്പിക്കുക വഴി, ജീവനക്കാരുടെ ആരോഗ്യത്തിന് വരെ ഭീഷണി സൃഷ്ടിച്ചതായി നടപടി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com