മണിക്കൂറിനുളളില്‍ കോവിഡ് ബാധിച്ച് രണ്ടുമരണം, മരണസംഖ്യ ആറായി; മരിച്ചത് 38കാരനായ ബിഹാര്‍ സ്വദേശിയും മഹാരാഷ്ടക്കാരനും  

മണിക്കൂറുകള്‍ക്കകം രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: മണിക്കൂറുകള്‍ക്കകം രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. മുംബൈയില്‍ ചികിത്സയിലായിരുന്ന 63കാരന് പിന്നാലെ ബിഹാര്‍ സ്വദേശിയാണ് കോവിഡ് ബാധിച്ച് മരിച്ച രണ്ടാമത്തെയാള്‍. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.

ബിഹാര്‍ പട്‌ന എയിംസില്‍ കോവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 38 കാരനാണ് മരിച്ചത്. വൃക്ക തകരാറിനെ തുടര്‍ന്നാണ് മരണമെന്ന് ആശുപത്രി അധികൃതര്‍  വ്യക്തമാക്കി. ഇന്നലെയാണ് ഇദ്ദേഹം മരിച്ചത്. കൊല്‍ക്കത്തയില്‍ നിന്ന്് രണ്ടുദിവസം മുന്‍പാണ് ഇദ്ദേഹം ബിഹാറില്‍ എത്തിയതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മഹാരാഷ്ട്ര സ്വദേശിയായ 63കാരനാണ് ഇന്നലെ രാത്രി കോവിഡ് ബാധിച്ച് മരിച്ച അഞ്ചാമന്‍. 

 ഇദ്ദേഹത്തിന് മുന്‍പെ തന്നെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഹം എന്നി രോഗങ്ങള്‍ ഇദ്ദേഹത്തെ അലട്ടിയിരുന്നു. അതിനിടെയാണ് 63കാരന് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ മാത്രം  കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. 

കഴിഞ്ഞ ദിവസം പഞ്ചാബ് സ്വദേശിയായ എഴുപതുകാരനും കോവിഡ് ബാധിച്ചാണ് മരിച്ചത്. ജര്‍മ്മനിയില്‍ നിന്ന് ഇറ്റലി വഴി ഡല്‍ഹിയിലെത്തിയ ആളാണ് മരിച്ചത്. അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 341 ആയി ഉയര്‍ന്നു. പുതുതായി 12 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com