അടച്ചുപൂട്ടലിനെ മറികടക്കാന്‍ ഉത്തേജന പാക്കേജുമായി കേന്ദ്രം; 1.5 ലക്ഷം കോടിയുടെ പാക്കേജ് ഈ ആഴ്ച പ്രഖ്യാപിക്കുമെന്ന് സൂചന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th March 2020 05:28 PM  |  

Last Updated: 25th March 2020 05:28 PM  |   A+A-   |  

 

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന് രാജ്യമൊട്ടൊകെ 21 ദിവസം  പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ സൃഷ്ടിക്കുന്ന ആഘാതത്തില്‍ നിന്ന് സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തേജന പാക്കേജ് പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നു. സമ്പദ് വ്യവസ്ഥയെ വീണ്ടെടുക്കാന്‍ 1.5 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി അടുത്തവ്യത്തങ്ങള്‍ വെളിപ്പെടുത്തി.

പാക്കേജിന് കേന്ദ്രസര്‍ക്കാര്‍ അന്തിമ രൂപം നല്‍കിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിന്റെ നേതൃത്വത്തില്‍ വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. റിസര്‍വ് ബാങ്ക്, ധനമന്ത്രാലയം എന്നിവയുമായാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉത്തേജന പാക്കേജ് 2.3 ലക്ഷം കോടി രൂപ വരെ ഉയരാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ ആഴ്ച അവസാനത്തോടെ പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം കോവിഡിനെ നേരിടാന്‍ ആരോഗ്യമേഖലയ്ക്കായി 15000 കോടി രൂപയുടെ പാക്കേജ് മോദി പ്രഖ്യാപിച്ചിരുന്നു. ചികിത്സയ്ക്കും മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടിയുമാണ് പാക്കേജ്.