എട്ടാം ക്ലാസുവരെയുളള കുട്ടികള്‍ക്ക് ഓള്‍ പ്രമോഷന്‍; ഇംപ്രൂവ്‌മെന്റ് പരീക്ഷ വേണ്ടെന്ന് കേന്ദ്രീയ വിദ്യാലയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th March 2020 10:29 AM  |  

Last Updated: 25th March 2020 10:29 AM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: ഒന്നു മുതല്‍ എട്ടാം ക്ലാസുവരെയുളള കുട്ടികള്‍ക്ക് ഉയര്‍ന്ന ക്ലാസുകളിലേക്ക് കയറ്റം നല്‍കി കേന്ദ്രീയ വിദ്യാലയം. ഈ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ വര്‍ഷാന്ത്യ പരീക്ഷ എഴുതിയോ എന്ന് കണക്കാക്കാതെയാണ് നടപടി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പരീക്ഷകള്‍ ഇടയ്ക്ക് വച്ച് നിര്‍ത്തിയിരുന്നു.

ഒന്നും രണ്ടും ക്ലാസുകളിലുളള വിദ്യാര്‍ത്ഥികള്‍ക്ക് മാസംതോറും നടത്തുന്ന പരീക്ഷകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍  ഉയര്‍ന്ന ക്ലാസുകളിലേക്ക് കയറ്റം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. 2019-2020 അധ്യയനവര്‍ഷത്തിലെ പരീക്ഷകളാണ് ഇതിനായി പരിഗണിക്കുന്നത്. മൂന്നു മുതല്‍ എട്ടാം ക്ലാസ് വരെയുളള വിദ്യാര്‍ത്ഥികളെ ഓരോ വിഷയത്തിനും ലഭിച്ച വെയ്‌റ്റേജിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന ക്ലാസുകളിലേക്ക് പ്രവേശിപ്പിക്കാനാണ് തീരുമാനം. വര്‍ഷാന്ത്യ പരീക്ഷ കണക്കാക്കാതെയാണ് നടപടി.

ഇതിന് പുറമേ ഒന്നുമുതല്‍ എട്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച അന്തിമ ഫലം ഇ ഗ്രേഡാണെങ്കിലും ഉയര്‍ന്ന ക്ലാസുകളിലേക്ക് പ്രവേശനം നല്‍കും. ഇവര്‍ക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്തില്ല. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ക്ലാസില്‍ വരാത്തവരെയും ഉയര്‍ന്ന ക്ലാസുകളിലേക്ക് കയറ്റിവിടും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 31 വരെ കേന്ദ്രീയ വിദ്യാലയ സ്‌കൂളുകളും അടച്ചിട്ടിരിക്കുകയാണ്.