പ്രശസ്ത പാചകവിദഗ്ധൻ ഫ്ലോയ്ഡ് കാർഡോസ് കോവിഡ് ബാധിച്ച് മരിച്ചു ; മുംബൈയിൽ പരിഭ്രാന്തി

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 26th March 2020 07:07 AM  |  

Last Updated: 26th March 2020 07:07 AM  |   A+A-   |  

 

മുംബൈ: ലോകപ്രശസ്തനായ ഇന്ത്യൻ പാചകവിദഗ്ധൻ ഫ്ലോയ്ഡ് കാർഡോസ് (59) കോവിഡ് ബാധിച്ച് അമേരിക്കയിൽ മരിച്ചു. പ്രശസ്ത ഭക്ഷ്യശൃംഖലയായ ബോംബെ കാന്റീനിന്റെ ശില്പികളിലൊരാളുമാണ് കാർഡോസ്.  മാർച്ച് എട്ടിനാണ് അദ്ദേഹം മുംബൈയിൽനിന്ന് ഫ്രാങ്ക്ഫുർട്‌ വഴി ന്യൂയോർക്കിലെത്തിയത്. മാർച്ച് 18-നാണ് കൊറോണ രോഗബാധ സ്ഥിരീകരിച്ചത്. അദ്ദേഹം മരണമടഞ്ഞകാര്യം ബുധനാഴ്ചയാണ് ബോംബെ കാന്റീനിന്റെ ഉടമസ്ഥകമ്പനിയായ ഹംഗർ ഇൻകോർപ്പറേറ്റഡ് അറിയിച്ചത്.

മുംബൈയിൽ മാർച്ച് ഒന്നിന് ബോംബെ കാന്റീനിന്റെ അഞ്ചാംവാർഷികത്തോട് അനുബന്ധിച്ച് വിരുന്ന് ഒരുക്കിയിരുന്നു. ബോംബെ കാന്റീനിന്റെ ഉടമകളിലൊരാളും പാചകവിഭാഗം മേധാവിയുമായ കാർഡോസ്‌ തന്നെയാണ് വിരുന്നൊരുക്കിയത്. വിരുന്നിൽ ഇരുനൂറോളം ആളുകൾ പങ്കെടുത്തിരുന്നു. ഇതിന് ശേഷമാണ് കാർഡോസ് അമേരിക്കയിലേക്ക് പോയത്. കാർഡോസ് മരിച്ചത് അറിഞ്ഞതോടെ മുംബൈയിലെ വിരുന്നിൽ പങ്കെടുത്ത മഹാരാഷ്ട്രയിലെ ഉന്നതർ പരിഭ്രാന്തിയിലാണ്. 

കൊറോണ സംശയിച്ച് ആശുപത്രിയിലാണെന്ന് കാർഡോസ് കഴിഞ്ഞ ദിവസം സമൂഹികമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു. മുംബൈയിലെ ചടങ്ങിൽ പങ്കെടുത്തവരെയും ഹോട്ടലിലെ പാചകക്കാരെയും ഉദ്യോഗസ്ഥരെയും എല്ലാം വിവരം അറിയിച്ചിരുന്നെന്നും ആർക്കും രോഗലക്ഷണമൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഹംഗർ ഇൻകോർപ്പറേറ്റഡ് അറിയിച്ചു.

മുംബൈയിൽവെച്ച് കാർഡോസുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെയെല്ലാം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. മുംബൈയിൽ ജനിച്ച് അവിടെയും ഗോവയിലുമായി വളർന്ന ഫ്ലോയ്ഡ് കാർഡോസ് ഇന്ത്യയിലും സ്വിറ്റ്‌സർലൻഡിലുമുള്ള പ്രശസ്തകേന്ദ്രങ്ങളിൽനിന്നാണ് പാചക കലയിൽ വൈദഗ്ധ്യം നേടിയത്. കുറച്ചുകാലമായി ന്യൂയോർക്ക് തട്ടകമായാണ് കാർഡോസ് പ്രവർത്തിച്ചുവന്നിരുന്നത്.