കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും കൂലിയും നല്‍കണം, ലോക്ക്ഡൗണ്‍ കര്‍ശനമായി പാലിക്കണം; സംസ്ഥാനങ്ങളോട് കേന്ദ്രം

രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കര്‍ശനമായി പാലിക്കുന്നുണ്ട് എന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി:  കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പുരോഗമിക്കുന്നതിനിടെ, ഈ ദിവസങ്ങളില്‍ രാജ്യം നേരിടുന്ന കുടിയേറ്റ തൊഴിലാളി പ്രശ്‌നത്തില്‍ കര്‍ശന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കര്‍ശനമായി പാലിക്കുന്നുണ്ട് എന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. 

രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ വീടുകളിലേക്ക് മടങ്ങാന്‍ കഴിയാതെ കുടിയേറ്റ തൊഴിലാളികള്‍ കൂട്ടം കൂടി നില്‍ക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം തടയുന്നതിന് സാമൂഹ്യഅകലം പാലിക്കണമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴാണ് ഈ ദുരവസ്ഥ. ഇത് കോവിഡിനെതിരെയുളള പോരാട്ടത്തിന് പ്രതികൂലമാകുമോ എന്ന ആശങ്കയിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍.

കുടിയേറ്റ തൊഴിലാളികള്‍ എവിടെയാണോ നില്‍ക്കുന്നത് അവര്‍ അവിടെതന്നെ തുടരുന്നുവെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ഭക്ഷണവും കൂലിയും നല്‍കി കുടിയേറ്റ തൊഴിലാളികളെ അതത് സ്ഥലത്ത് തന്നെ നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്ന്് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. വീട് ഒഴിഞ്ഞുപോകാന്‍ പറയുന്ന കെട്ടിട ഉടമയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ജോലി ചെയ്യുന്നിടത്ത് തന്നെ കുടിയേറ്റ തൊഴിലാളികള്‍ നില്‍ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഭക്ഷണവും താമസസൗകര്യവും ഏര്‍പ്പെടുത്തി നല്‍കണം. ഇതിനായി സംസ്ഥാനങ്ങളുടെ കൈവശം ആവശ്യത്തിന് ഫണ്ട് ഉണ്ടെന്നും കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കുടിയേറ്റ തൊഴിലാളികളെ വഹിച്ച് കൊണ്ടുളള ബസ് സര്‍വീസ് സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ത്തണം. ഇതിനോടകം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുവന്ന തൊഴിലാളികളെ 14 ദിവസത്തെ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com