ഒരാഴ്ചയോടുകൂടി തെലങ്കാന കോവിഡ് മുക്തമാകും; ചന്ദ്രശേഖര റാവു

ഏപ്രില്‍ ആദ്യവാരത്തോടെ തെലങ്കാന കൊറോണ വൈറസ് ബാധയില്‍ നിന്ന് പൂര്‍ണമായും മുക്തമാകുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു.
ഒരാഴ്ചയോടുകൂടി തെലങ്കാന കോവിഡ് മുക്തമാകും; ചന്ദ്രശേഖര റാവു

ഹൈദരാബാദ്: ഏപ്രില്‍ ആദ്യവാരത്തോടെ തെലങ്കാന കോവിഡ് 19 രോഗത്തില്‍ നിന്ന്‌ പൂര്‍ണമായും മുക്തമാകുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. സംസ്ഥാനത്ത് നിലവില്‍ എഴുപത് പേര്‍ക്കാണ് രോഗബാധയുള്ളത്. അതില്‍ രോഗമുക്തി നേടിയ പതിനൊന്ന് പേര്‍ തിങ്കളാഴ്ച ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുമെന്നും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. 

വീഡിയോ കോണ്‍ഫറന്‍സിലൂടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 25,937 പേര്‍ ഇപ്പോള്‍ ക്വാറന്റൈനിലുണ്ടെന്നും ഏപ്രില്‍ ഏഴോടെ ഇവരുടെ പതിനാല് ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ക്വാറന്റൈനിലുള്ള ആര്‍ക്കും കോവിഡ്19 ലക്ഷണങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. 

1,899 പേര്‍ തിങ്കളാഴ്ച പതിനാല് ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുമെന്നും ബാക്കിയുള്ളവര്‍ വരും ദിവസങ്ങളില്‍ പുറത്തിറങ്ങുമെന്നും പ്രതീക്ഷിക്കുന്നതായി ചന്ദ്രശേഖര റാവു അറിയിച്ചു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുള്‍പ്പെടെയുള്ളവരാണ് ഇപ്പോള്‍ ക്വാറന്റൈനിലുള്ളതെന്നും അദ്ദേഹം അറിയിച്ചു. ഇവരെ കൂടാതെ സംസ്ഥാനത്തിനകത്ത് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരും നിരീക്ഷണത്തിലുണ്ടെന്ന് കെസിആര്‍ കൂട്ടിച്ചേര്‍ത്തു. 

ഇപ്പോള്‍ 58 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളതെന്നും രോഗബാധ മൂലം മരിച്ച എഴുപത്താറുകാരന് മറ്റ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏപ്രില്‍ ഏഴോടെ ചികിത്സയില്‍ കഴിയുന്ന എല്ലാവരുടേയും പരിശോധനാഫലം നെഗറ്റീവാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുമുള്ളവരുടെ പ്രവേശനം തടഞ്ഞിരിക്കുന്നതിനാല്‍ തെലങ്കാന കൊറോണമുക്തമാകുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഇപ്പോള്‍ സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികള്‍ക്ക് താമസഭക്ഷണ സൗകര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com