ചൂട് സമോസ ഓർഡർ ചെയ്തു; വീട്ടിലെത്തിച്ച് കലക്ടർ; പിന്നീട് സംഭവിച്ചത്

ചൂട് സമോസ ഓർഡർ ചെയ്തു; വീട്ടിലെത്തിച്ച് കലക്ടർ; പിന്നീട് സംഭവിച്ചത്
ചൂട് സമോസ ഓർഡർ ചെയ്തു; വീട്ടിലെത്തിച്ച് കലക്ടർ; പിന്നീട് സംഭവിച്ചത്

ലഖ്നൗ: രാജ്യ വ്യാപക ലോക്ക്ഡൗണിനിടെ ഹെല്‍പ്പ് ലൈനില്‍ വിളിച്ച് ചൂട് സമോസ വീട്ടിലെത്തിക്കാനാവശ്യപ്പെട്ട് യുവാവ്. ഉദ്യോഗസ്ഥര്‍ യുവാവിന്റെ ആവശ്യം അവഗണിക്കാന്‍ ശ്രമിച്ചുവെങ്കിലും ഇയാൾ ഫോണ്‍ വിളി തുടര്‍ന്നു. യുപിയിലെ റാംപുരിലാണ് സംഭവം. റാംപുർ ജില്ലാ മജിസ്ട്രേറ്റ് കൺട്രോൾ റൂമിലേക്ക് വിളിച്ചാണ് ഇയാൾ സമോസ ആവശ്യപ്പെട്ടത്. 

നിരന്തരം ഫോൺ വിളിച്ച് യുവാവ് ഉദ്യോ​ഗസ്ഥരെ ശല്യപ്പെടുത്തിയതോടെ റാംപുര്‍ ജില്ലാ കലക്ടര്‍ വിഷയത്തില്‍  ഇടപെട്ടു. യുവാവിന്റെ വീട്ടില്‍ സമോസ എത്തിച്ചു നല്‍കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി.  

ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിന് യുവാവിന് ശിക്ഷയായി നിര്‍ബന്ധിത സാമൂഹിക സേവനം നടത്തണമെന്ന ഉത്തരവും നൽകി. സാമൂഹിക സേവനത്തിന്റെ ഭാഗമായി പ്രദേശത്തെ ഓട വൃത്തിയാക്കാനാണ് കലക്ടര്‍ യുവാവിനോട് ആവശ്യപ്പെട്ടത്. യുവാവിന്റെ പേര് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ യുവാവ് ഓട വൃത്തിയാക്കുന്നതിന്റെ ചിത്രം കലക്ടര്‍ പിന്നീട് ട്വിറ്ററിലൂടെ പുറത്തുവിട്ടു. 

രാജ്യം കടുത്ത പ്രതിസന്ധി നേരിടുന്ന സമയത്ത് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്താന്‍ ഇത്തരത്തില്‍ ആരും ശ്രമിക്കരുതെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. പിസ വീട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരാളും വിളിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

ലോക്ക് ഡൗണിനിടെ സഹായം ആവശ്യമുള്ള അസുഖ ബാധിതര്‍ക്കും പ്രായം ചെന്നവര്‍ക്കും ഉദ്യോഗസ്ഥരെ ബന്ധപ്പെടാന്‍ യുപി സര്‍ക്കാര്‍ വിവിധ  ഹെല്‍പ്പ് ലൈനുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com