പ്രത്യേക ട്രെയിന്‍ സര്‍വീസിന് മാര്‍ഗരേഖ പുറത്തിറക്കി റെയില്‍വേ; അതിഥി തൊഴിലാളികളുടെ ഭക്ഷണവും കുടിവെളളവും സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണം

തൊഴിലാളികള്‍ക്കുളള ഭക്ഷണത്തിന്റെയും കുടിവെളളത്തിന്റെയും ചെലവ് പുറപ്പെടുന്ന സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തെ സര്‍ക്കാര്‍ വഹിക്കണമെന്ന് റെയില്‍വേ ആവശ്യപ്പെട്ടു
പ്രത്യേക ട്രെയിന്‍ സര്‍വീസിന് മാര്‍ഗരേഖ പുറത്തിറക്കി റെയില്‍വേ; അതിഥി തൊഴിലാളികളുടെ ഭക്ഷണവും കുടിവെളളവും സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണം

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ അവരുടെ നാടുകളില്‍ എത്തിക്കുന്നതിന് പ്രത്യേക ട്രെയിന്‍ ഓടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ, മാര്‍ഗരേഖ പുറത്തിറക്കി റെയില്‍വേ. തൊഴിലാളികള്‍ക്കുളള ഭക്ഷണത്തിന്റെയും കുടിവെളളത്തിന്റെയും ചെലവ് പുറപ്പെടുന്ന സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തെ സര്‍ക്കാര്‍ വഹിക്കണമെന്ന് റെയില്‍വേ ആവശ്യപ്പെട്ടു.അതായത് തൊഴിലാളികള്‍ക്ക് ഭക്ഷണവും വെളളവും ലഭ്യമാക്കിയിട്ടുണ്ട് എന്ന് അതത് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണം.

ദീര്‍ഘദൂര യാത്രകളാണ് യാത്രക്കാര്‍ക്ക് ട്രെയിനില്‍ തന്നെ ഭക്ഷണം നല്‍കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി. തൊഴിലാളികള്‍ നാട്ടിലെത്തിയാല്‍ അവരെ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ട നടപടി സ്വീകരിക്കണം. പരിശോധന, ക്വാറന്റൈന്‍ ഉള്‍പ്പെടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വീകരിക്കേണ്ട നടപടികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കണമെന്നും റെയില്‍വേ ആവശ്യപ്പെട്ടു. 

ബസില്‍ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നത് പ്രായോഗികമല്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ തെലങ്കാനയില്‍ നിന്ന് ഝാര്‍ഖണ്ഡിലേക്ക് ട്രെയിന്‍ ഓടിക്കാന്‍ റെയില്‍വേ തീരുമാനിച്ചിരുന്നു. 1200 കുടിയേറ്റ തൊഴിലാളികളുമായി ട്രെയിന്‍ പുറപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ഈ മാര്‍ഗം സ്വീകരിക്കാന്‍ അനുമതി നല്‍കിയത്. ഇരുസംസ്ഥാനങ്ങളുടെയും അനുമതിയോടെ ഒരു പ്രദേശത്ത് നിന്ന് മറ്റൊരു പോയന്റിലേക്ക് മാത്രമായാണ് സര്‍വീസ് നടത്തുക. അതായത് വേറെ എവിടെയും ട്രെയിന്‍ നിര്‍ത്തില്ല. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് നടപടി സ്വീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com