'താന്‍ ആയിരുന്നെങ്കില്‍ രാജ്യസഭാ സീറ്റ് സ്വീകരിക്കില്ലായിരുന്നു ; ആ സംഭവത്തിന് ശേഷം സുപ്രീംകോടതിയില്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടിട്ടില്ല' ; ഗൊഗോയിക്കെതിരെ തുറന്നടിച്ച് ജസ്റ്റിസ് ദീപക് ഗുപ്ത

ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും തമ്മിലെ  പാലമാകാനാണ് രാജ്യസഭാ സീറ്റ് സ്വീകരിച്ചതെന്ന  ഗൊഗോയിയുടെ നിലപാടും ദീപക് ഗുപ്ത തള്ളിക്കളഞ്ഞു
'താന്‍ ആയിരുന്നെങ്കില്‍ രാജ്യസഭാ സീറ്റ് സ്വീകരിക്കില്ലായിരുന്നു ; ആ സംഭവത്തിന് ശേഷം സുപ്രീംകോടതിയില്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടിട്ടില്ല' ; ഗൊഗോയിക്കെതിരെ തുറന്നടിച്ച് ജസ്റ്റിസ് ദീപക് ഗുപ്ത

ന്യൂഡല്‍ഹി : സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതിയില്‍ നിന്നും വിരമിച്ച ജഡ്ജി ജസ്റ്റിസ് ദീപക് ഗുപ്ത. വിരമിച്ചശേഷം ജസ്റ്റിസ് ഗൊഗോയി രാജ്യസഭാംഗത്വം സ്വീകരിച്ചത് അനുചിതമായിപ്പോയെന്ന് ദീപക് ഗുപ്ത അഭിപ്രായപ്പെട്ടു. ഗൊഗോയിയുടെ സ്ഥാനത്ത് താന്‍ ആയിരുന്നെങ്കില്‍ രാജ്യസഭാ സീറ്റ് സ്വീകരിക്കില്ലായിരുന്നു. സര്‍ക്കാരില്‍ നിന്നും ഇത്തരത്തില്‍ ഒരു ഓഫറും താന്‍ സ്വീകരിക്കില്ലെന്നും ജസ്റ്റിസ് ഗുപ്ത പറഞ്ഞു.

മുന്‍ സുപ്രീംകോടതി ജഡ്ജിമാരോ നിയമവിദഗ്ധരോ ആവശ്യമുള്ള ചില െ്രെടബ്യൂണലുകള്‍ ഉണ്ടാകാം. പക്ഷേ, എനിക്ക് അതില്‍ താത്പര്യമില്ല. സുപ്രീംകോടതിയില്‍ നിയമനങ്ങള്‍ നടത്താനുള്ള ചെറുസമിതികളില്‍ അംഗമാകുന്നത് പോലെയല്ല, സര്‍ക്കാര്‍ നേരിട്ട് തരുന്ന മറ്റ് നിയമനങ്ങള്‍. അതില്‍ വ്യത്യാസമുണ്ട്. അത്തരം ജോലികള്‍ പോലും ആരും എനിക്ക് ഓഫര്‍ ചെയ്യാന്‍ പോലും ശ്രമിക്കില്ലെന്ന് തന്നെയാണ് എന്റെ ബോധ്യം.

ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും തമ്മിലെ  പാലമാകാനാണ് രാജ്യസഭാ സീറ്റ് സ്വീകരിച്ചതെന്ന  ഗൊഗോയിയുടെ നിലപാടും ദീപക് ഗുപ്ത തള്ളിക്കളഞ്ഞു. ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും തമ്മില്‍  എന്നും ഒരു പാലമുണ്ട്. അത് ചീഫ് ജസ്റ്റിസ് ആണ്. ഞാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന സമയത്ത് ധാരാളം മുഖ്യമന്ത്രിമാരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗിക പീഡനാരോപണ കേസ് അദ്ദേഹം തന്നെ കേട്ടതിലും  ജസ്റ്റിസ് ദീപക് ഗുപ്ത അതൃപ്തി പരസ്യമാക്കി. ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക പീഡനാരോപണക്കേസ് വന്നപ്പോള്‍ അപ്രതീക്ഷിത സിറ്റിംഗ് വിളിച്ചു ചേര്‍ത്തത് അനാവശ്യമായിരുന്നു. സംഭവത്തിന് ശേഷം സുപ്രീംകോടതിയില്‍ കാര്യങ്ങള്‍ മെച്ചപ്പെട്ട നിലയിലായോ? ഇല്ല എന്നും ദീപക് ഗുപ്ത തുറന്നടിച്ചു.

സുപ്രീം കോടതിയില്‍ സുതാര്യത തേടി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യമായി വാര്‍ത്താസമ്മേളനം നടത്തിയതിനെയും ജസ്റ്റിസ്് ദീപക് ഗുപ്ത വിമര്‍ശിച്ചു. ഞാന്‍ അന്ന് വിദേശയാത്രയിലായിരുന്നു. ഈ വിവരം അറിഞ്ഞപ്പോള്‍ ഞാന്‍ അസ്വസ്ഥനായി. വാര്‍ത്താസമ്മേളനം നടത്തുന്നതൊന്നും ഒരിക്കലും നല്ല ആശയമല്ല. വ്യക്തികളേക്കാള്‍ വലുതാണ് പ്രസ്ഥാനം. എന്ത് പ്രശ്‌നമുണ്ടെങ്കിലും സുപ്രീംകോടതിയുടെ അകത്ത് തന്നെ പറഞ്ഞ് തീര്‍ക്കണമായിരുന്നു. മാത്രമല്ല, ചീഫ് ജസ്റ്റിസ് സഹജഡ്ജിമാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും തയ്യാറാകണമായിരുന്നു.

പരസ്യമായ വാര്‍ത്താസമ്മേളനം നടത്തി, 'ജുഡീഷ്യല്‍ കലാപം' നടത്തിയ രഞ്ജന്‍ ഗൊഗോയ് പിന്നീട് ചീഫ് ജസ്റ്റിസായപ്പോഴും സുപ്രീംകോടതിയില്‍ കാര്യങ്ങള്‍ ഒട്ടും മെച്ചപ്പെട്ടില്ല. 'വലിയ പണം' ഉള്‍പ്പെട്ട കേസുകളും 'വമ്പന്‍ നിയമസ്ഥാപനങ്ങള്‍' വാദിക്കുന്ന കേസുകളുമാണ് സുപ്രീംകോടതിയില്‍ ആദ്യം ലിസ്റ്റ് ചെയ്യപ്പെടുന്നതെന്നും ദീപക് ഗുപ്ത ആരോപിച്ചു.

രാജ്യത്തെ നിയമവ്യവസ്ഥ സമ്പന്നര്‍ക്കും ശക്തരായാവര്‍ക്കും അനുകൂലമാണെന്ന് യാത്രയയപ്പ് പ്രസംഗത്തില്‍ ജസ്റ്റിസ് ദീപക് ഗുപ്ത തുറന്നടിച്ചിരുന്നു. ദരിദ്രരില്‍ ദരിദ്രരായവരുടെ ഭരണഘടനാ അവകാശങ്ങളാണ് ലംഘിക്കപ്പെടുന്നത്. സ്വന്തമായി ശബ്ദമില്ലാത്ത ഇവരാണ് ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. കോടതി ഇവരെ കേള്‍ക്കാനെങ്കിലും തയ്യാറാവണമെന്നും ജസ്റ്റിസ് ഗുപ്ത അഭിപ്രായപ്പെട്ടു.  കഴിഞ്ഞദിവസമാണ് ജസ്റ്റിസ് ദീപക് ഗുപ്ത സുപ്രീംകോടതിയില്‍ നിന്നും വിരമിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com