കല്യാണങ്ങള്‍ക്ക് 50 പേര്‍,  മരണാനന്തര ചടങ്ങുകളില്‍ 20 പേരില്‍ കൂടുതല്‍ വേണ്ട; നിയന്ത്രണങ്ങള്‍ ഇങ്ങനെ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th May 2020 08:07 PM  |  

Last Updated: 30th May 2020 08:07 PM  |   A+A-   |  

 

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുഇടങ്ങളില്‍ നിര്‍ബന്ധമായി മുഖാവരണം ധരിക്കണമെന്ന് മാര്‍ഗരേഖ. കുറഞ്ഞത് ആറടി വരെ സാമൂഹിക അകലം പാലിക്കണമെന്നും മാര്‍ഗരേഖയില്‍ ആവര്‍ത്തിച്ചു. കടകളില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കണം. കടയില്‍ ഒരേ സമയം അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ ഇല്ല എന്ന് ഉറപ്പാക്കണമെന്നും കേന്ദ്രം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നു.

ആളുകള്‍ കൂട്ടം കൂടാന്‍ സാധ്യതയുളള പരിപാടികള്‍ക്കുളള നിരോധനം തുടരും. കല്യാണങ്ങളില്‍ 50ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല. മരണാനന്തര ചടങ്ങുകളില്‍ ഇത് 20 ആണ്. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നവരില്‍ നിന്ന് പിഴ ഈടാക്കും. പൊതു ഇടങ്ങളില്‍ പുകയില ഉത്പന്നങ്ങള്‍, മദ്യം എന്നിവ ഉപയോഗിക്കുന്നത് കുറ്റമാണ്. തൊഴിലിടങ്ങളില്‍ പരമാവധി വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണം. ജീവനക്കാര്‍ ഷിഫ്റ്റ് ഏര്‍പ്പെടുത്തണം. അതുവഴി ഒരേ സമയം കൂടുതല്‍ ആളുകള്‍ ഓഫീസില്‍ വരുന്നത് ഒഴിവാക്കണം. 

തൊഴിലിടങ്ങളില്‍ ജീവനക്കാരെ പരിശോധിക്കാന്‍ സംവിധാനം ഒരുക്കണം. തെര്‍മല്‍ സ്‌ക്രീനിങ് ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ സജ്ജമാക്കണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ എന്നിവ ഓഫീസുകളില്‍ ലഭ്യമാക്കണം. തുടര്‍ച്ചയായി തൊഴിലിടങ്ങള്‍ അണുവിമുക്തമാക്കാനും നടപടികള്‍ സ്വീകരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ജീവനക്കാര്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ട് എന്ന് ചുമതലയുളള ആളുകള്‍ ഉറപ്പാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തീവ്രബാധിത മേഖലകളില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. ലോക്ക്ഡൗണില്‍ നിന്ന് പുറത്ത് കടക്കുന്നതിന്റെ ഭാഗമായി മറ്റിടങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.