'വെട്രിവേല്‍ യാത്ര' തടഞ്ഞ് തമിഴ്‌നാട് പൊലീസ് ; ബിജെപി സംസ്ഥാന പ്രസിഡന്റ് അറസ്റ്റില്‍ ; നിരവധി നേതാക്കളും കസ്റ്റഡിയില്‍

അനുമതിയില്ലാതെ യാത്ര നടത്തി എന്നാരോപിച്ചാണ് മുരുഗനെയും ബിജെപി നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തത്
'വെട്രിവേല്‍ യാത്ര' തടഞ്ഞ് തമിഴ്‌നാട് പൊലീസ് ; ബിജെപി സംസ്ഥാന പ്രസിഡന്റ് അറസ്റ്റില്‍ ; നിരവധി നേതാക്കളും കസ്റ്റഡിയില്‍


ചെന്നൈ : സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് വെട്രിവേല്‍ യാത്ര നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് എല്‍ മുരുഗനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി നേതാക്കളായ എച്ച് രാജ, സിടി രവി, പൊന്‍ രാധാകൃഷ്ണന്‍, നിരവധി ബിജെപി പ്രവര്‍ത്തകര്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

കോവിഡ് മഹാമാരി കാലത്ത് അനുമതിയില്ലാതെ യാത്ര നടത്തി എന്നാരോപിച്ചാണ് മുരുഗനെയും ബിജെപി നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തത്. തിരുത്തണി ക്ഷേത്രത്തിന് സമീപം വെച്ചാണ് വെട്രിവേല്‍ യാത്ര തടഞ്ഞ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

ഭഗവാന്‍ മുരുകനെ പ്രാര്‍ത്ഥിക്കണം. ഇത് ഭരണഘടനാപരമായ അവകാശമാണ്. എല്ലാവര്‍ക്കും ആരാധനയ്ക്ക് അവകാശമുണ്ട്. വെട്രിവേല്‍ യാത്രയ്ക്ക് ഭഗവാന്‍ മുരുകന്‍ അനുവാദം തന്നുകഴിഞ്ഞു. അതുകൊണ്ടു തന്നെ തിരുത്തണിയിലേക്കുള്ള യാത്ര നടത്തും. വെട്രിവേല്‍ യാത്രയുമായി മുന്നോട്ടുപോകുകയാണെന്നും മുരുഗന്‍ വ്യക്തമാക്കിയിരുന്നു. 

ഇന്നുമുതല്‍ ഡിസംബര്‍ ആറു വരെ നീളുന്ന ഒരു മാസത്തെ യാത്ര നടത്താനാണ് ബിജെപി പദ്ധതിയിട്ടത്.നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഹിന്ദു വോട്ടുബാങ്ക് ഉറപ്പിക്കുക ലക്ഷ്യമിട്ടായിരുന്നു യാത്ര. എന്നാല്‍ യാത്രയ്ക്ക് അനുമതി നല്‍കുന്നത് സംസ്ഥാനത്ത് വര്‍ഗീയ കലാപത്തിന് വഴിവെക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. 

ഇതേത്തുടര്‍ന്ന് ബിജെപി സഖ്യകക്ഷിയായ എഐഎഡിഎംകെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വെട്രിവേല്‍ യാത്രയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു. യാത്ര നടത്തിയാല്‍ രണ്ടാം കോവിഡ് വ്യാപനമാകും തമിഴ്‌നാട്ടില്‍ ഉണ്ടാകുക എന്നു ചൂണ്ടിക്കാട്ടിയായിരുന്നു യാത്രയ്ക്ക് അനുമതി നിഷേധിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com