പഴയതെല്ലാം കെട്ടിപ്പെറുക്കി മാലിന്യ വണ്ടിയില്‍ കൊടുത്തു വിട്ടു; ഒപ്പം സ്വര്‍ണമാലയും വളയുമുള്ള പഴ്‌സും!

പഴയതെല്ലാം കെട്ടിപ്പെറുക്കി മാലിന്യ വണ്ടിയില്‍ കൊടുത്തു വിട്ടു; ഒപ്പം സ്വര്‍ണമാലയും വളയുമുള്ള പഴ്‌സും!
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പൂനെ: വിശേഷാവസരങ്ങളില്‍ വീടും പരിസരവും വൃത്തിയാക്കുന്നത് പൊതുവേ നമ്മുടെ പതിവാണ്. ദീപാവലിയോട് അനുബന്ധിച്ച് അത്തരമൊരു വൃത്തിയാക്കല്‍ നടത്തിയ പൂനെയിലെ വീട്ടമ്മയുടെ കഥയാണിത്.

രേഖ സലൂക്കര്‍ എന്ന വീട്ടമ്മ കഴിഞ്ഞ ദിവസം വീടും പരിസരവുമെല്ലാം തൂത്തുതുടച്ചു വൃത്തിയാക്കി. പഴയ സാധനങ്ങളെല്ലാം കെട്ടിപ്പുറുക്കിവച്ചു. മുന്‍സിപ്പാലിറ്റിയില്‍നിന്നുള്ള വണ്ടി വന്നപ്പോള്‍ ഇതെല്ലാം കൊടുത്തുവിടുകയും ചെയ്തു.

വെയ്‌സ്റ്റ് കൊടുത്തുകഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പെട്ടെന്ന് മിന്നല്‍ പോലെ ഒരു സംശയം. വേഗം തന്നെ അലമാരയും പെട്ടിയുമെല്ലാം തുറന്നു പരിശോധിച്ചു. സംശയം ശരിതന്നെ. വിലപിടിച്ച മാലയും വളയും മറ്റ് ആഭരണങ്ങളുമെല്ലാം ഇട്ടുവച്ച പഴയ പഴ്‌സും വെയ്സ്റ്റിനൊപ്പം കൊടുത്തുവിട്ടിട്ടുണ്ട്. 

തളര്‍ന്നുപോയ രേഖ സലൂക്കര്‍ അയല്‍വാസിയായ പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ സഹായം തേടി. അദ്ദേഹം ഉടന്‍ തന്നെ പിംപ്രി ചിന്‍ച്വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ വിളിച്ചു. മാലിന്യ വണ്ടി ഡംപിങ് യാര്‍ഡിലേക്കു പോയതായും വേഗം എത്തിയാല്‍ തെരയാമെന്നും അവര്‍ അറിയിച്ചു. തെരയാനായി മുനിസിപ്പാലിറ്റി തൊഴിലാളിയും ഒപ്പം കൂടി.

എന്തായാലും രേഖയുടെ ദീപാവലി ദുഃഖത്തിന്റേതായില്ല. രണ്ടു മണിക്കൂറോളം തെരച്ചില്‍ നടത്തി തൊഴിലാളികള്‍ അവസാനം പഴ്‌സ് കണ്ടെടുത്തു. മാലയും വളയുമെല്ലാം ഭദ്രമായി ഉള്ളിലുണ്ടായിരുന്നു. മൂന്നു ലക്ഷത്തോളം വിലയുള്ള ആഭരണങ്ങളാണ് പഴ്‌സില്‍ ഉണ്ടായിരുന്നത്.

ഉപഹാരമൊന്നും വാങ്ങാതെ തികച്ചും സൗജന്യമായാണ് തൊഴിലാളികള്‍ പഴ്‌സ് തിരിച്ചു നല്‍കിയതെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com