ട്രെയിന്‍ ടിക്കറ്റുകള്‍ ഇനി അഞ്ചു മിനിറ്റ് മുമ്പു വരെ ലഭിക്കും ; പുതിയ ക്രമീകരണം നാളെ മുതല്‍

30 മിനിറ്റ് മുതല്‍ അഞ്ചു മിനിറ്റ് വരെയുള്ള സമയത്തിനിടയിലാകും രണ്ടാം ചാര്‍ട്ട് തയ്യാറാകുക
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ന്യൂഡല്‍ഹി : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ടിക്കറ്റ് ബുക്കിങ്ങിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ റെയില്‍വേ ഇളവു വരുത്തുന്നു. ഇതനുസരിച്ച് ഒക്ടോബര്‍ 10 മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് അഞ്ചു മിനിറ്റ് മുമ്പ് വരെ ടിക്കറ്റുകള്‍ ലഭിക്കും. 

കോവിഡ് വ്യാപനത്തിന് മുമ്പ് ട്രെയിന്‍ പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുതല്‍ അഞ്ചുമിനിറ്റ് വരെയുള്ള സമയത്തിന് ഇടയിലാണ് സെക്കന്‍ഡ് ചാര്‍ട്ട് തയ്യാറാക്കിയിരുന്നത്. ഈ രീതിയിലേക്ക് തിരികെ വരാനാണ് റെയില്‍വേ അധികൃതരുടെ തീരുമാനം. കോവിഡിന്റെ പശ്ചാത്തലത്തില്‍ റഗുലര്‍ ട്രെയിനുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പകരം സ്‌പെഷ്യല്‍ ട്രെയിനുകളാണ് റെയില്‍വേ ഓടിക്കുന്നത്. 

പുതിയ തീരുമാനം അനുസരിച്ച്  30 മിനിറ്റ് മുതല്‍ അഞ്ചു മിനിറ്റ് വരെയുള്ള സമയത്തിനിടയിലാകും രണ്ടാം ചാര്‍ട്ട് തയ്യാറാകുക. ഇതിലേക്കാണ് യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനാകുക. നേരത്തെ കോവിഡ് വ്യാപനം കണക്കിെടുത്ത് സെക്കന്റ് ചാര്‍ട്ട് രണ്ടു മണിക്കൂര്‍ മുമ്പ് ക്ലോസ് ചെയ്യുമായിരുന്നു. 

ഒക്ടോബര്‍ 10 മുതല്‍ ആദ്യ ചാര്‍ട്ട് ട്രെയിന്‍ പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുമ്പ് തയ്യാറാകും. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നത് അടക്കമുള്ള സീറ്റ് ഒഴിവിലേക്ക് യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. കൗണ്ടറുകള്‍ വഴിയോ, ഓണ്‍ലൈന്‍ വഴിയോ സെക്കന്റ്  ചാര്‍ട്ട് തയ്യാറാക്കുന്നതുവരെ ബുക്ക് ചെയ്യാവുന്നതാണ്. ഈ സമയം വരെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാവുന്നതാണെന്നും, നിയമാനുസൃതം പണം തിരികെ ലഭിക്കുമെന്നും റെയില്‍വേ അറിയിച്ചു. 

കോവിഡ് വ്യാപനം കണക്കിലെടുത്ത് നേരത്തെ ട്രെയിന്‍ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി മാത്രമാണ് ലഭ്യമാക്കിയിരുന്നത്. റെയില്‍വേ സ്‌റ്റേഷനുകളിലെ ആള്‍ക്കൂട്ടം ഒഴിവാക്കുക, അത്യാവശ്യ യാത്രക്കാര്‍ മാത്രം പോകുന്ന അവസ്ഥയുണ്ടാക്കുകയും, സാദായാത്രയെ പരമാവധി നിരുത്സാഹപ്പെടുത്തുകയും ലക്ഷ്യമിട്ടായിരുന്നു ഈ തീരുമാനം. എന്നാല്‍ കോവിഡ് ലോക്ക്ഡൗണില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ വരുത്തിയതോടെയാണ് റെയില്‍വേയും ഇളവുകള്‍ വരുത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com