ഉറങ്ങിക്കിടന്ന മൂന്ന് ദലിത് സഹോദരിമാര്‍ക്ക് നേര്‍ക്ക് രാസവസ്തു ഒഴിച്ചു, മുഖത്തും ദേഹത്തും പൊള്ളല്‍ ; യുപിയില്‍ വീണ്ടും ക്രൂരത

മുകള്‍ നിലയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 8, 12, 16 വയസ്സുള്ള കുട്ടികളെയാണ് അജ്ഞാതന്‍ ആക്രമിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ക്രൂരത തുടരുന്നു. മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത ദലിത് സഹോദരിമാരാണ് ഇത്തവണ ക്രൂരതയ്ക്ക് ഇരയായത്. ഉറങ്ങിക്കിടന്ന പെണ്‍കുട്ടികളുടെ ദേഹത്തേക്ക് ആസിഡ് എന്ന് സംശയിക്കപ്പെടുന്ന രാസവസ്തു ഒഴിക്കുകയായിരുന്നു. 

യുപിയിലെ ഗോണ്ട ജില്ലയിലെ പക്ഷ ഗ്രാമത്തിലാണ് സംഭവം നടന്നത്. മുകള്‍ നിലയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 8, 12, 16 വയസ്സുള്ള കുട്ടികളെയാണ് അജ്ഞാതന്‍ ആക്രമിച്ചത്. രണ്ടാം നിലയിലേക്ക് കയറിയെത്തിയ അക്രമി ജനലിലൂടെ പെണ്‍കുട്ടികളുടെ ദേഹത്തേക്ക് രാസവസ്തു ഒഴിച്ചു. 

മൂത്ത കുട്ടിയുടെ മുഖത്തും നെഞ്ചിലുമാണ് പൊള്ളലേറ്റത്. കുട്ടിക്ക് 30 ശതമാനം പൊള്ളലേറ്റതായി പൊലീസ് പറഞ്ഞു. മറ്റു രണ്ടു കുട്ടികളുടെ കൈകള്‍ക്കും പൊള്ളലേറ്റു. കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ മുകള്‍ നിലയിലാണ് കുടന്നുറങ്ങുന്നത് എന്നും, കുടുംബത്തെക്കുറിച്ച് വ്യക്തമായ അറിവുള്ളയാളുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം. 

സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും, മൂത്തകുട്ടിയുടെ മൊഴി രേഖപ്പെടുത്താനായാല്‍ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന കിട്ടുമെന്ന് പൊലീസ് സൂചിപ്പിച്ചു. ധോബി സമുദായത്തില്‍പ്പെട്ട, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളാണ് ആക്രമണത്തിന് ഇരയായത്. 

സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ സംരക്ഷിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന യുപി സര്‍ക്കാരിന്റെ നടപടികളാണ് അക്രമികള്‍ക്ക് ധൈര്യവും പ്രേരണയും നല്‍കുന്നതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com