രണ്ടാമതും കോവിഡ് ബാധിച്ചവര്‍ ഇന്ത്യയില്‍ മൂന്ന് പേരെന്ന് ഐസിഎംആര്‍; ലോകത്തില്‍ 24

രാജ്യത്ത് കോവിഡ് വന്നുപോയവരില്‍ വീണ്ടും അസുഖം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ഐസിഎംആര്‍
രണ്ടാമതും കോവിഡ് ബാധിച്ചവര്‍ ഇന്ത്യയില്‍ മൂന്ന് പേരെന്ന് ഐസിഎംആര്‍; ലോകത്തില്‍ 24

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വന്നുപോയവരില്‍ വീണ്ടും അസുഖം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ഐസിഎംആര്‍. ഇതുവരെ ഇത്തത്തില്‍ മൂന്ന് പേര്‍ക്ക് രോഗബാധയുണ്ടായെന്ന് ഐസിഎംആര്‍ മേധാവി ബല്‍റാം ഭാര്‍ഗവ പറഞ്ഞു. രണ്ടു പേര്‍ മുംബൈയിലും ഒരാള്‍ അഹമ്മദാബാദിലുമാണ്.

കോവിഡ് വന്നുപോയ ഒരാളില്‍ എത്രദിവസത്തിനു ശേഷമാണു കൊറോണ വൈറസ് വീണ്ടും ബാധിക്കുകയെന്നതു ഗവേഷകര്‍ക്കു കണ്ടെത്താനായില്ലെന്നു ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി. കോവിഡ് ബാധിച്ച വ്യക്തിയുടെ ശരീരത്തില്‍ രൂപപ്പെടുന്ന ആന്റിബോഡിയാണു വൈറസിനെ പ്രതിരോധിക്കുന്നത്. ആന്റിബോഡികളുടെ ആയുസ്സ് കുറവാണെന്നു ഗവേഷകര്‍ പറയുന്നു.ആന്റിബോഡികള്‍ 100 ദിവസമാണോ 90 ദിവസമാണോ നിലനില്‍ക്കുകയെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടില്ലെന്ന് ഐസിഎംആര്‍ ചൂണ്ടിക്കാട്ടി.

ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ആഗോള തലത്തില്‍ വീണ്ടും രോഗബാധിതരായവര്‍ 24 ആണ്. ഇതുവരെ രാജ്യത്ത് 62 ലക്ഷം പേര്‍ കോവിഡ് മുക്തരായെന്നും ലോകത്തിലെ ഉയര്‍ന്ന നിരക്കാണിതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ 50ാം ദിവസവും ഇന്ത്യയില്‍ സജീവ കേസുകളുടെ എണ്ണം 9 ലക്ഷത്തില്‍ താഴെയാണ്. നിലവില്‍ മഹാരാഷ്ട്ര, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലാണു രോഗബാധിതര്‍ കൂടുതലുള്ളത്.

കോവിഡ് മരണങ്ങളില്‍ 47 ശതമാനത്തോളം പേര്‍ 60 വയസ്സില്‍ കുറവാണെന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു. കോവിഡ് ബാധിച്ചു മരിച്ചവരില്‍ 70 ശതമാനം പേര്‍ പുരുഷന്മാരാണെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. നിലവില്‍ രാജ്യത്ത് 8,38,729 പേരാണു ചികിത്സയിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com