'കാറില്‍ വെളളം നിറയുന്നു, അവസാന രക്ഷയായ മരവും കടപുഴകി'; വെങ്കടേഷിന്റെ അവസാന കോള്‍, നിസഹായനായി കൂട്ടുകാരന്‍, ഹൃദയഭേദകം

കനത്തമഴയെ തുടര്‍ന്ന് ഹൈദരാബാദില്‍ ഉണ്ടായ വെളളപ്പൊക്കത്തില്‍ ഇതുവരെ 31 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്
'കാറില്‍ വെളളം നിറയുന്നു, അവസാന രക്ഷയായ മരവും കടപുഴകി'; വെങ്കടേഷിന്റെ അവസാന കോള്‍, നിസഹായനായി കൂട്ടുകാരന്‍, ഹൃദയഭേദകം

ഹൈദരാബാദ്: 'എങ്ങനെയെങ്കിലും എന്നെ രക്ഷിക്കൂ. എന്റെ കാര്‍ കുത്തൊഴുക്കില്‍പ്പെട്ട് ഒലിച്ചുപോകുകയാണ്'- ഹൈദരാബാദ് വെളളപ്പൊക്കത്തില്‍ മരിച്ച വെങ്കടേഷ് ഗൗഡ് കൂട്ടുകാരനെ വിളിച്ച് അവസാനമായി പറഞ്ഞ വാക്കുകളാണിത്. ഗൗഡിന്റെ വാക്കുകള്‍ നിസഹായനായി കേട്ടുനില്‍ക്കാനെ കൂട്ടുകാരന് സാധിച്ചുളളൂ. 'നിനക്ക് ഒന്നും സംഭവിക്കില്ല, ധൈര്യമായി ഇരിക്കൂ'എന്ന ആത്മവിശ്വാസം നിറഞ്ഞ വാക്കുകള്‍ക്കും കൂട്ടുകാരനെ രക്ഷിക്കാന്‍ സാധിച്ചില്ല. ഗൗഡിന്റെ മൃതദേഹം വ്യാഴാഴ്ച കണ്ടെത്തി.

കനത്തമഴയെ തുടര്‍ന്ന് ഹൈദരാബാദില്‍ ഉണ്ടായ വെളളപ്പൊക്കത്തില്‍ ഇതുവരെ 31 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കാറില്‍ കുടുങ്ങിപ്പോയ വെങ്കടേഷ് ഗൗഡിന്റെ ഒരു മിനിറ്റ് നാല്‍പതു സെക്കന്‍ഡ് നീണ്ട ഹൃദയഭേദകമായ ഫോണ്‍ കോളിന്റെ വിവരങ്ങളാണ്  പുറത്തുവന്നത്. യാത്രയ്ക്കിടെയാണ് വെങ്കടേഷിന്റെ കാര്‍ ഒഴുക്കില്‍ പെട്ടത്. ഉടന്‍ തന്നെ അദ്ദേഹം ഫോണില്‍ സമീപത്തു സുരക്ഷിതമായ ഇടത്തുനിന്നിരുന്ന സുഹൃത്തിനെ വിളിച്ചു. 

ആരെയെങ്കിലും തന്റെ രക്ഷയ്ക്കായി അയയ്ക്കാന്‍ കഴിയുമോ എന്നു ചോദിച്ച് കൊണ്ടായിരുന്നു അവസാന കോള്‍. സുഹൃത്തും ആകെ പരിഭ്രാന്തനായി. 'കാറില്‍ വെളളം നിറയുന്നു. കാറിന്റെ ടയറുകള്‍ എല്ലാം പോയി.'- എന്നു പറഞ്ഞു കൊണ്ടായിരുന്നു തുടക്കം.കാറില്‍നിന്നിറങ്ങി മതിലിലോ സമീപത്തുള്ള മതിലിലോ മരത്തിലോ കയറി രക്ഷപ്പെടാന്‍ അദ്ദേഹം പറഞ്ഞു.

മതില്‍ കാണാന്‍ പറ്റുന്നുണ്ടെന്നും കാറില്‍നിന്നു പുറത്തിറങ്ങിയാല്‍ ഒഴുക്കില്‍പെടുമെന്നും വെങ്കടേഷ് പറയുന്നു. 'ഒരു മരത്തിലാണു കാര്‍ തടഞ്ഞുനിന്നിരുന്നത്. ഇപ്പോള്‍ ആ മരവും കടപുഴകി ഒഴുകിപ്പോയി. കാര്‍ ഒഴുക്കിനൊപ്പം പോയിത്തുടങ്ങി'- വെങ്കടേഷ് പറയുന്നു. 'ധൈര്യം കൈവിടരുത്്. നിനക്കൊന്നും സംഭവിക്കില്ല' എന്നു സുഹൃത്ത് പറഞ്ഞെങ്കിലും വെങ്കടേഷിനെയും കൊണ്ടു കാര്‍ ഒഴുകിപ്പോകുന്നത് കണ്ടുനില്‍ക്കാനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com