കോവിഡ് വാക്‌സിൻ; സ്പുട്‌നിക് 5ന്റെ അവസാന ഘട്ട ക്ലിനിക്കൽ പരീക്ഷണം ഇന്ത്യയിൽ നടത്താൻ അനുമതി

കോവിഡ് വാക്‌സിൻ; സ്പുട്‌നിക് 5ന്റെ അവസാന ഘട്ട ക്ലിനിക്കൽ പരീക്ഷണം ഇന്ത്യയിൽ നടത്താൻ അനുമതി
കോവിഡ് വാക്‌സിൻ; സ്പുട്‌നിക് 5ന്റെ അവസാന ഘട്ട ക്ലിനിക്കൽ പരീക്ഷണം ഇന്ത്യയിൽ നടത്താൻ അനുമതി

ന്യൂഡൽഹി: റഷ്യൻ നിർമിത കോവിഡ് വാക്‌സിൻ സ്പുട്‌നിക് 5ന്റെ അവസാന ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ഇന്ത്യയിൽ നടത്തും. മനുഷ്യരിൽ പരീക്ഷണം നടത്താൻ കേന്ദ്രം അനുമതി നൽകി. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ വിദഗ്ധ സമിതിയാണ് പരീക്ഷണത്തിന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടി (ആർഡിഐഎഫ്)നും ഡോ. റെഡ്ഡീസ് ലാബോറട്ടറീസിനും അനുമതി നൽകിയത്.

നേരത്തെ, ഇന്ത്യയിൽ സ്പുട്‌നിക് 5ന്റെ വലിയ അളവിലുള്ള പരീക്ഷണം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഡിസിജിഐ അനുമതി നിഷേധിക്കുകയായിരുന്നു. റഷ്യയിൽ, വാക്‌സിന്റെ ഒന്നാമത്തെയും രണ്ടാമത്തെയും ഘട്ട പരീക്ഷണങ്ങൾ വളരെ കുറച്ചു പേരിലാണ് നടത്തിയതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്.

പുതിയ കരാർ പ്രകാരം, രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ട പരീക്ഷണമാണ് ഇന്ത്യയിൽ നടത്തുകയെന്നും 1,500 പേർക്കാണ് വാക്‌സിൻ നൽകുകയെന്നും ആർഡിഐഎഫ്‌ വ്യക്തമാക്കി. രണ്ടാം ഘട്ട പരീക്ഷണം 100 പേരിലും മൂന്നാം ഘട്ട പരീക്ഷണം 1,400 പേരിലുമാണ് നടത്തുക. ആർഡിഐഎഫാണ് റഷ്യക്ക് പുറത്ത് സ്പുട്‌നിക് വാക്‌സിൻ വിതരണം ചെയ്യുന്നത്.

കരാർ പ്രകാരം ക്ലിനിക്കൽ പരീക്ഷണങ്ങൾ, അനുമതി ലഭിച്ചതിന് ശേഷമുള്ള മരുന്നു വിതരണം എന്നിവ ഡോ. റെഡ്ഡീസ് ലാബോറട്ടറീസ് നടത്തും. 10 കോടി ഡോസുകളാണ് ഡോ. റെഡ്ഡീസ് ലാബോറട്ടറീസിന് ആർഡിഐഎഫ് കൈമാറുക.

സ്പുട്‌നിക് 5ന്റെ മൂന്നാം ഘട്ട പരീക്ഷണം ബെലാറസ്, വെനസ്വേല, യുഎഇ എന്നീ രാജ്യങ്ങളിലും നടക്കുന്നുണ്ട്. 40,000 പേർ പങ്കെടുക്കുന്ന വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം മോസ്‌കോയിൽ ആരംഭിച്ചു കഴിഞ്ഞു. 16,000 പേർ ഇതിനോടകം വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചും കഴിഞ്ഞു. നവംബർ ആദ്യത്തോടെ ഇടക്കാല ഫലം പ്രസിദ്ധീകരിക്കപ്പെടുമെന്നാണ് കരുതുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com