ശൈത്യകാലത്തും അതിര്‍ത്തിയില്‍ ഇന്ത്യ പൂര്‍ണ സജ്ജം; തയ്യാറെടുപ്പുകള്‍ക്കായി അമേരിക്കയില്‍ നിന്ന് സൈനിക സാമഗ്രികള്‍ അടങ്ങിയ കിറ്റ് 

അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ വരുന്ന ശൈത്യകാലത്തെ മുന്നില്‍ കണ്ട് തയ്യാറെടുപ്പുകള്‍ ശക്തമാക്കാന്‍ ഒരുങ്ങി ഇന്ത്യ
ശൈത്യകാലത്തും അതിര്‍ത്തിയില്‍ ഇന്ത്യ പൂര്‍ണ സജ്ജം; തയ്യാറെടുപ്പുകള്‍ക്കായി അമേരിക്കയില്‍ നിന്ന് സൈനിക സാമഗ്രികള്‍ അടങ്ങിയ കിറ്റ് 

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ വരുന്ന ശൈത്യകാലത്തെ മുന്നില്‍ കണ്ട് തയ്യാറെടുപ്പുകള്‍ ശക്തമാക്കാന്‍ ഒരുങ്ങി ഇന്ത്യ. തന്ത്രപ്രധാന സ്ഥലങ്ങളിലെ സേനാവിന്യാസം വിപുലമാക്കുന്നതിന്റെ ഭാഗമായി മുന്നൊരുക്കങ്ങള്‍ക്കായി അമേരിക്കയില്‍ നിന്ന് സൈനിക സാമഗ്രികള്‍ അടങ്ങിയ കിറ്റുകള്‍ ഇന്ത്യ അടിയന്തരമായി വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

അതിര്‍ത്തിയിലെ സംഘര്‍ഷം കുറയ്ക്കുന്നതിന് ഉന്നതതലത്തില്‍ നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും പൂര്‍ണമായി വിജയം കണ്ടിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് വരുന്ന ശൈത്യകാലത്ത് അതിര്‍ത്തിയിലെ നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചത്. സൈനിക വിന്യാസവുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ലോജിസ്റ്റിക്‌സ് സഹായ കരാര്‍ നിലനില്‍ക്കുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാണ് യുദ്ധത്തിന്റെ മുന്നൊരുക്കത്തിന് ആവശ്യമായ സാധന സാമഗ്രികള്‍ ഇന്ത്യ അമേരിക്കയില്‍ നിന്ന് വാങ്ങിയത്. യുദ്ധവിമാനത്തിനും യുദ്ധക്കപ്പലിനും ആവശ്യമായ ഇന്ധനം, സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ എന്നിവ പരസ്പരം കൈമാറുന്ന കരാറിലാണ് ഇന്ത്യ 2016ല്‍ ഒപ്പുവെച്ചത്.

നാലു പതിറ്റാണ്ടിനിടെ അതിര്‍ത്തിയില്‍ ഇത്രയും കടുത്ത സംഘര്‍ഷം നിലനില്‍ക്കുന്നത് ആദ്യമായാണ്. സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ യുദ്ധത്തിന് സമാനമായ തയ്യാറെടുപ്പുകളാണ് ഇന്ത്യ അതിര്‍ത്തിയില്‍ നടത്തുന്നത്. അതിനിടെയാണ് ശൈത്യകാലം വെല്ലുവിളിയാകുന്നത്. 15000 അടി ഉയരത്തില്‍ മൈനസ് 30 ഡിഗ്രി വരെ ഊഷ്മാവ് താഴുന്ന കാലാവസ്ഥയെയാണ് പട്ടാളക്കാര്‍ നേരിടേണ്ടത്. ഇതിനാവശ്യമായ തയ്യാറെടുപ്പുകളാണ് നടന്നുവരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com