റിയ ചക്രബര്‍ത്തി 'ബംഗാളി ബ്രാഹ്മിന്‍ വനിത', അറസ്റ്റ് 'അസംബന്ധ'മെന്ന് കോണ്‍ഗ്രസ് നേതാവ്, വിവാദം

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതിനായി സുശാന്ത് സിങ്  രജ്പുത്തിനെ  ബിജെപി ബിഹാറി നടനാക്കി മാറ്റിയെന്നും ചൗധരി ആരോപിച്ചു
റിയ ചക്രബര്‍ത്തി 'ബംഗാളി ബ്രാഹ്മിന്‍ വനിത', അറസ്റ്റ് 'അസംബന്ധ'മെന്ന് കോണ്‍ഗ്രസ് നേതാവ്, വിവാദം

ന്യൂഡല്‍ഹി : നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്ത നടപടിക്കെതിരായ കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം വിവാദത്തില്‍. റിയയെ അറസ്റ്റ് ചെയ്തത് അസംബന്ധമാണ്. റിയ ബംഗാളി ബ്രാഹ്മിന്‍ വനിതയാണെന്നും ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

റിയയുടെ അച്ഛന്‍ വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണ്. തന്റെ മക്കള്‍ക്ക് നീതി ആവശ്യപ്പെടാന്‍ അദ്ദേഹത്തിന് അര്‍ഹതയുണ്ടെന്നും അധീര്‍ രഞ്ജന്‍ ചൗധരി ട്വീറ്റില്‍ അഭിപ്രായപ്പെട്ടു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതിനായി സുശാന്ത് സിങ്  രജ്പുത്തിനെ  ബിജെപി ബിഹാറി നടനാക്കി മാറ്റിയെന്നും ചൗധരി ആരോപിച്ചു.

അന്തരിച്ച നടന്‍ സുശാന്ത് സിങ് രജ്പുത് ഒരു ഇന്ത്യന്‍ നടനായിരുന്നു, ബിജെപി അദ്ദേഹത്തെ ബിഹാറി നടനാക്കി, തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. അധീര്‍ രഞ്ജന്‍ ആരോപിച്ചു. ബിജെപി ബിഹാര്‍ യൂണിറ്റ് 'ജസ്റ്റിസ് ഫോര്‍ സുശാന്ത് സിങ് രജ്പുത്' പോസ്റ്ററുകളും ബാനറുകളും പുറത്തിറക്കിയതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചു. സുശാന്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് വിട്ടതിന്റെ ക്രെഡിറ്റ് എന്‍ഡിഎയുടെ ഭാഗമായ നിതീഷ്‌കുമാര്‍ ഇപ്പോള്‍ അവകാശപ്പെടുകയാണെന്നും അധീര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി.

രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്തുന്നതിനായി കേന്ദ്ര ഏജന്‍സികള്‍ തങ്ങളുടെ പങ്ക് വഹിച്ചു, കടലിനെ ഇളക്കിയ ശേഷം അമൃതിനുപകരം മയക്കുമരുന്ന് കണ്ടെത്തി. കൊലപാതകി ആരാണെന്ന് തിരിച്ചറിയാന്‍ അവര്‍ ഇരുട്ടില്‍ തപ്പിനടക്കുകയാണ്. മറ്റൊരു പോസ്റ്റില്‍ അധീര്‍ രഞ്ജന്‍ ചൗധരി അഭിപ്രായപ്പെട്ടിരുന്നു. ബിഹാറില്‍ അടുത്തുതന്നെ നിയമസബാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിനാല്‍ സുശാന്ത് കേസ് ബിജെപിയും ജെഡിയുവും രാഷ്ട്രീയനേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com