30 വര്‍ഷം കൊണ്ട് മൂന്ന്‌ കിലോമീറ്റര്‍ കനാല്‍ ഒറ്റയ്ക്ക് കുഴിച്ചു, മലയില്‍ നിന്നും വെളളം എത്തിച്ചു; ഒരു ഗ്രാമത്തിന്റെ ദാഹം മാറ്റിയ കര്‍ഷകന്റെ കഥ (ചിത്രങ്ങള്‍)

ബിഹാര്‍ ഗയയിലെ കോത്തിലവ ഗ്രാമത്തിന്റെ അഭിമാനമാണ് ഈ കര്‍ഷകന്‍
30 വര്‍ഷം കൊണ്ട് മൂന്ന്‌ കിലോമീറ്റര്‍ കനാല്‍ ഒറ്റയ്ക്ക് കുഴിച്ചു, മലയില്‍ നിന്നും വെളളം എത്തിച്ചു; ഒരു ഗ്രാമത്തിന്റെ ദാഹം മാറ്റിയ കര്‍ഷകന്റെ കഥ (ചിത്രങ്ങള്‍)

പട്‌ന:  ഒരു കാര്യം തീരുമാനിച്ചാല്‍ അത് നേടിയെടുക്കുന്നതിന് വേണ്ടി എന്തും ത്യജിക്കാന്‍ തയ്യാറാവുന്നവരെ സമൂഹത്തില്‍ അപൂര്‍വ്വമായി മാത്രമേ കാണാന്‍ സാധിക്കൂ. അത്തരം അപൂര്‍വ്വ വ്യക്തികളില്‍ ഒരാളാണ് ബിഹാറിലുളള ഈ കര്‍ഷകന്‍. ഒരു ഗ്രാമത്തെ ഒന്നടങ്കം പച്ചപ്പ് അണിയിക്കാന്‍ ജീവിതത്തിലെ നീണ്ട 30 വര്‍ഷ കാലമാണ് ഇദ്ദേഹം നീക്കിവെച്ചത്. മലയുടെ മുകളില്‍ നിന്ന് ഗ്രാമത്തിലെ വയലേലകള്‍ക്ക് വെളളം പകരാനുളള ഉദ്യമം വിജയിച്ചതിന്റെ കഥയാണ് ലോംഗി ഭൂയാന് പറയാനുളളത്. അതും ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക്.

ബിഹാര്‍ ഗയയിലെ കോത്തിലവ ഗ്രാമത്തിന്റെ അഭിമാനമാണ് ഈ കര്‍ഷകന്‍. തൊട്ടടുത്തുളള മലയുടെ മുകളില്‍ നിന്നും മഴക്കാലത്ത് ഒലിച്ചിറങ്ങുന്ന വെളളം സംഭരിക്കുന്നതിനുളള സംവിധാനമാണ് ഒരുക്കിയത്. 30 വര്‍ഷം കൊണ്ട് മൂന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന കനാല്‍ നിര്‍മ്മിച്ചാണ് ഇത് യാഥാര്‍ത്ഥ്യമാക്കിയത്. ഗ്രാമത്തിലെ കുളത്തിലേക്ക് വെളളം ഒഴുകി എത്തുന്ന വിധമാണ് കനാലിന്റെ നിര്‍മ്മാണം.

ആരുയെടും സഹായമില്ലാതെ ഒറ്റയ്ക്കായിരുന്നു കര്‍ഷകന്റെ കനാല്‍ നിര്‍മ്മാണം. മഴക്കാലത്ത് മലയില്‍ നിന്ന് ഒഴുകി വരുന്ന വെളളം പുഴയില്‍ ചെന്ന് പതിക്കുന്നതാണ് പതിവ്. ഇത് ലോംഗി ഭൂയാനെ അലട്ടിയിരുന്നു.  ഗ്രാമത്തിലെ കൃഷിയിടങ്ങള്‍ക്ക് ആവശ്യമായ വെളളം ഇതില്‍ നിന്ന് എങ്ങനെ ശേഖരിക്കാമെന്ന ചിന്തയാണ് കനാല്‍ നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചത്.

'കഴിഞ്ഞ 30 വര്‍ഷമായി സ്ഥിരമായി ഞാന്‍ കാട്ടില്‍ പോകും. കന്നുകാലികളെ മേയ്ക്കാനാണ് പോകുന്നത്. കൂടെ കനാലിനായി കുഴിക്കും. ഇതില്‍ ആരും തന്നെ എന്നെ സഹായിച്ചിട്ടില്ല. ഗ്രാമത്തിലുളളവരില്‍ നല്ലൊരുഭാഗം ആളുകള്‍ മെച്ചപ്പെട്ട ജീവിതം ആഗ്രഹിച്ച് നഗരത്തിലേക്ക് ചേക്കേറി. ഞാന്‍ ഇവിടെ തന്നെ തുടര്‍ന്നു' -  ലോംഗി ഭൂയാന്‍ പറയുന്നു. കോത്തിലവ ഗ്രാമത്തിന് ചുറ്റും വനമാണ്. കൃഷിയാണ് ഇവിടെത്തെ ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com