പോത്തിന്റെ പുറത്തേറിയും ട്രാക്ടറില്‍ സഞ്ചരിച്ചും പ്രതിഷേധം, ദേശീയ പാതയും റെയിലും ഉപരോധിച്ചു; കര്‍ഷക പ്രക്ഷോഭം ശക്തം (വീഡിയോ)

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ദേശ വ്യാപകമായി പ്രതിഷേധം.
പോത്തിന്റെ പുറത്തേറിയും ട്രാക്ടറില്‍ സഞ്ചരിച്ചും പ്രതിഷേധം, ദേശീയ പാതയും റെയിലും ഉപരോധിച്ചു; കര്‍ഷക പ്രക്ഷോഭം ശക്തം (വീഡിയോ)

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ദേശ വ്യാപകമായി പ്രതിഷേധം. പഞ്ചാബില്‍ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ റെയില്‍ പാളം ഉപരോധിച്ചു. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. കര്‍ഷകരുടെ ദേശീയ പണിമുടക്കിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ ദേശീയ പാതയും ഉപരോധിച്ച് സമരാനുകൂലികള്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചു.

വിവിധ സംസ്ഥാനങ്ങളിലെ 12 സംഘടനകളാണ് കാര്‍ഷിക ബില്ലുകള്‍ പാസാക്കിയതിനെതിരെ പ്രക്ഷോഭ രംഗത്തുളളത്. പഞ്ചാബില്‍ ഭാരതീയ കിസാന്‍ യൂണിയന്റെയും റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെയും നേതൃത്വത്തില്‍ അമൃത്സര്‍- ഡല്‍ഹി ദേശീയ പാത ഉപരോധിച്ചു. കര്‍ണാടകയില്‍ കര്‍ണാടക- തമിഴ്‌നാട് ഹൈവേയിലായിരുന്നു പ്രതിഷേധം. കര്‍ണാടക സ്റ്റേറ്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ നിരവധി കര്‍ഷകര്‍ അണിനിരന്നു.  സുരക്ഷയുടെ ഭാഗമായി നിരവധി പൊലീസുകാരെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

ബിഹാറില്‍ വ്യത്യസ്തമായ സമരമാണ് നടന്നത്. പോത്തിന്റെ പുറത്തേറിയാണ് കര്‍ഷകര്‍ സമരത്തിന് എത്തിയത്. ആര്‍ജെഡി നേതാക്കളായ തേജസ്വി യാദവും തേജ് പ്രതാപ് യാദവും ട്രാക്ടറിന്റെ പുറത്തേറിയാണ് പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.പഞ്ചാബില്‍ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ റെയില്‍ പാളങ്ങള്‍ ഉപരോധിക്കുന്നത് ഇന്നും തുടരുകയാണ്. 

പണിമുടക്കിനു കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബില്ലുകള്‍ക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ രാജ്യവ്യാപക പ്രക്ഷോഭത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. 28ന് സംസ്ഥാന തലസ്ഥാനങ്ങളില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും രാജ്ഭവനുകളിലേക്കു പ്രകടനം നടത്തും. ജില്ലാ ആസ്ഥാനങ്ങളിലും പ്രകടനങ്ങള്‍ സംഘടിപ്പിക്കും. ഗാന്ധി ജയന്തി ദിനത്തില്‍ ജില്ലകളിലും അസംബ്ലി മണ്ഡലങ്ങളിലും ധര്‍ണ നടത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com