പുരി ജഗന്നാഥ ക്ഷേത്രത്തില്‍ സേവകര്‍ ഉള്‍പ്പെടെ 400 പേര്‍ക്ക് കോവിഡ് ; നവംബറിന് മുമ്പ് ക്ഷേത്രം തുറക്കരുതെന്ന് പൂജാരിമാര്‍

പുരി ക്ഷേത്ര ജീവനക്കാരില്‍, കോവിഡ് രോഗബാധിതരില്‍ ഒമ്പത് പേര്‍ മരണത്തിന് കീഴടങ്ങി
പുരി ജഗന്നാഥ ക്ഷേത്രത്തില്‍ സേവകര്‍ ഉള്‍പ്പെടെ 400 പേര്‍ക്ക് കോവിഡ് ; നവംബറിന് മുമ്പ് ക്ഷേത്രം തുറക്കരുതെന്ന് പൂജാരിമാര്‍


ഭുവനേശ്വര്‍: പ്രശസ്തമായ പുരി ജഗന്നാഥക്ഷേത്രത്തിലെ നാനൂറോളം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്നു കൊടുക്കണമെന്ന ആവശ്യം ഉയരുന്നിതിനിടെ, ഒഡീഷ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. നിലവിലെ സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കാവുന്ന സ്ഥിതിയല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

പുരി ക്ഷേത്രത്തിലെ പൂജാകര്‍മങ്ങള്‍ നിര്‍വഹിക്കുന്ന 351 സേവകര്‍ക്കും 53 ക്ഷേത്രം ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായാണ് അധികൃതര്‍ അറിയിച്ചത്. നിലവിലെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ക്ഷേത്രം ഭക്തര്‍ക്ക് തുറന്നുകൊടുക്കുന്നത്, ജീവനക്കാര്‍ക്കും ഭക്തര്‍ക്കും കടുത്ത വെല്ലുവിളിയാണ്. അതിനാല്‍ നവംബര്‍ മാസം വരെ ക്ഷേത്രം തുറക്കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചു. 

പുരി ക്ഷേത്ര ജീവനക്കാരില്‍, കോവിഡ് രോഗബാധിതരില്‍ ഒമ്പത് പേര്‍ മരണത്തിന് കീഴടങ്ങിയതായും പതിനാറ് പേര്‍ ഭുവനേശ്വരിലെ കോവിഡ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതായും ശ്രീ ജഗന്നാഥ് ടെംപിള്‍ അഡ്മിനിസ്‌ട്രേഷന്‍ ഭാരവാഹി അജയ് കുമാര്‍ ജന പറഞ്ഞു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് സേവകരില്‍ ഭൂരിഭാഗവും വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നതിനാല്‍ ക്ഷേത്രത്തിലെ ദൈനംദിന അനുഷ്ഠാനങ്ങള്‍ക്ക് പ്രയാസം നേരിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇതു വരെ ക്ഷേത്ര അനുഷ്ഠാനങ്ങള്‍ക്ക് തടസം നേരിട്ടിട്ടില്ലെങ്കിലും താമസിയാതെ അതിന് സാധ്യയുള്ളതായി ഒഡിഷ ഹൈക്കോടതിയെ ക്ഷേത്ര ഭരണസമിതി അറിയിച്ചു. തങ്ങളുടെയും കുടുംബാംഗങ്ങളുടേയും സുരക്ഷ മുന്‍നിര്‍ത്തി നവംബറിന് മുമ്പ് ക്ഷേത്രം തുറക്കേണ്ടതില്ല എന്നാണ് പൂജാരിമാരുടെ അഭിപ്രായമെന്ന് അജയകുമാര്‍ ജന പറഞ്ഞു. ക്ഷേത്രത്തിനുള്ളില്‍ മാസ്‌ക് ധരിക്കല്‍, മറ്റ് പ്രതിരോധമാര്‍ങ്ങള്‍ നിര്‍ബന്ധമാക്കല്‍ തുടങ്ങി കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതായി ഉറപ്പാക്കാന്‍ ജില്ലാകളക്ടര്‍ ബല്‍വന്ത് സിങ്ങിന്റെ അധ്യക്ഷതയില്‍ നടന്ന ജീവനക്കാരുടെ യോഗത്തില്‍ കര്‍ശനനിര്‍ദേശം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com