സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കി, സിഗററ്റിന് തീകൊളുത്തിയ 50കാരന്റെ ഷര്‍ട്ട് കത്തി; ഗുരുതരാവസ്ഥയില്‍  

സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കിയതിന് പിന്നാലെ സിഗററ്റിന് തീകൊളുത്തിയ 50കാരന് ഗുരുതരമായി പൊള്ളലേറ്റു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കിയതിന് പിന്നാലെ സിഗററ്റിന് തീകൊളുത്തിയ 50കാരന് ഗുരുതരമായി പൊള്ളലേറ്റു. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കുന്നതിനിടെ ഏതാനും തുള്ളികള്‍ ഷര്‍ട്ടില്‍ വീണിരുന്നു. സിഗററ്റ് കത്തിക്കുന്നതിനിടെ അബദ്ധത്തില്‍ തീപ്പൊരി ഷര്‍ട്ടില്‍ വീണാണ് 50കാരന് പൊള്ളലേറ്റത്. ഷര്‍ട്ടില്‍ തീ ആളിപ്പടരുകയായിരുന്നു. കരച്ചില്‍ കേട്ട് ഓടിക്കൂടിയ ബന്ധുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. മധ്യവയസ്‌ക്കന്റെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.

ചെന്നൈ അശോക് നഗര്‍ റെസിഡന്‍സില്‍ മരപ്പണിക്കാരനായ റൂബെനിനാണ് ശനിയാഴ്ച രാത്രി പൊാള്ളലേറ്റത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ റൂബെന്‍ സാനിറ്റൈസര്‍ ഉപയോഗിച്ച കൈ വൃത്തിയാക്കി. ഈസമയത്ത് ഏതാനും തുള്ളികള്‍ ഷര്‍ട്ടില്‍ വീണു. ഇക്കാര്യം ബന്ധുക്കള്‍ റൂബെന്റെ ശ്രദ്ധയില്‍പ്പെടുത്തി. കുളിക്കാന്‍ പോകുമ്പോള്‍ ഷര്‍ട്ട് മാറ്റാമെന്ന് പറഞ്ഞ് റൂബെന്‍ വാഷ്‌റൂമിലേക്ക് പോയി. അവിടെ വച്ച് സിഗററ്റിന് തീകൊളുത്തിയപ്പോഴാണ് അപകടം ഉണ്ടായത്. തീപ്പൊരി അബദ്ധത്തില്‍ ഷര്‍ട്ടിലേക്ക് വീഴുകയായിരുന്നു. ഷര്‍ട്ടില്‍ തീ ആളിക്കത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ 50കാരന്‍ സഹായത്തിനായി അലമുറയിട്ട് കരഞ്ഞു. ഇതുകേട്ട് ഓടിക്കൂടിയ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും നെഞ്ചിലും വയറ്റിലും പൊള്ളലേറ്റ 50കാരന്റെ നില ഗുരുതരമാണ്.

രണ്ടു മൂന്ന് സെക്കന്‍ഡില്‍ സാനിറ്റൈസര്‍ വായുവില്‍ ആവിയായി പോകും. എന്നാല്‍ ഈസമയത്ത് തീപ്പൊരിയുടെ സാന്നിധ്യം ഉണ്ടായാല്‍ ആളിക്കത്താന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com