താലി കെട്ടിയതിന് പിന്നാലെ ടോയ്‌ലെറ്റില്‍ പോകണമെന്ന് വധു; സ്വര്‍ണാഭരണവുമായി മുങ്ങി, വരന്‍ പൊലീസ് സ്റ്റേഷനില്‍ 

ഉത്തര്‍പ്രദേശില്‍ കല്യാണത്തിനിടെ വധുവും കുടുംബവും മുങ്ങിക്കളഞ്ഞതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കല്യാണത്തിനിടെ വധുവും കുടുംബവും മുങ്ങിക്കളഞ്ഞതായി പരാതി. ഒരു ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണാഭരണങ്ങളും പണവുമായി വധുവും കുടുംബവും കടന്നുകളഞ്ഞെന്ന് കാണിച്ച് വരന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

മീററ്റ് ജില്ലയിലാണ് സംഭവം. വിവാഹ ചടങ്ങിനിടെ ഹോമകുണ്ഡത്തിന് ചുറ്റും പ്രദക്ഷിണം വെയ്ക്കുന്നതിനിടെയാണ് വധു കടന്നുകളഞ്ഞതെന്ന് പരാതിയില്‍ പറയുന്നു. ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങ്. വധുവും കുടുംബവും വഞ്ചിച്ചെന്ന് കാണിച്ച് വരന്‍ ദേവേന്ദ്രയാണ് പൊലീസില്‍ പരാതി നല്‍കിയത്. കൂട്ടുകാരനാണ് യുവതിയെ പരിചയപ്പെടുത്തിയത്.യുവതിയുടെ ഫോട്ടോ വരന് അയച്ചുകൊടുത്തു. ഫോട്ടോയില്‍ കണ്ട് ഇഷ്ടപ്പെട്ട ദേവേന്ദ്ര കല്യാണത്തിന് സമ്മതിച്ചു. 

ഞായറാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ഒരു ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണാഭരണങ്ങളും പണവുമായി വരന്‍ വധുവിന്റെ നാട്ടില്‍ എത്തി. ക്ഷേത്രത്തില്‍ വച്ച് കല്യാണം നടത്താനാണ് തീരുമാനിച്ചിരുന്നത്. വധുവിന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്ന് ചുരുക്കം ചിലര്‍  മാത്രമാണ് പങ്കെടുത്തിരുന്നത്. ചടങ്ങിനിടെ വധുവും കുടുംബവും കടന്നുകളഞ്ഞു എന്നാണ് പരാതിയില്‍ പറയുന്നത്. ടോയ്‌ലെറ്റില്‍ പോകുന്നു എന്ന വ്യാജേനയാണ് വധു മുങ്ങിയതെന്ന് പരാതിയില്‍ പറയുന്നു. വധു മുങ്ങിയെന്ന് അറിഞ്ഞ് തെരയാന്‍ എന്ന ഭാവത്തിലാണ് കുടുംബക്കാരും കടന്നുകളഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com