എല്ലാ കേസിലും അറസ്റ്റ് നിര്‍ബന്ധമില്ല; വ്യക്തിസ്വാതന്ത്ര്യം പരമപ്രധാനമെന്ന് സുപ്രീം കോടതി

എല്ലാ കേസിലും അറസ്റ്റ് നിര്‍ബന്ധമില്ല; വ്യക്തിസ്വാതന്ത്ര്യം പരമപ്രധാനമെന്ന് സുപ്രീം കോടതി
സുപ്രീംകോടതി /ഫയല്‍ ചിത്രം
സുപ്രീംകോടതി /ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: നിയമപരമായി നിലനില്‍ക്കുന്നതുകൊണ്ടു മാത്രം ഒരു കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീം കോടതി. പ്രതി ഒളിവില്‍ പോവുമെന്നോ സമന്‍സ് ലംഘിക്കുമെന്നോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു തോന്നാത്ത കേസുകളില്‍ അറസ്റ്റ് അനിവാര്യമല്ലെന്ന് കോടതി വ്യക്തമാക്കി.

വ്യക്തിസ്വാതന്ത്ര്യത്തിനു ഭരണഘടന പരമ പ്രാധാന്യമാണ് കല്‍പ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, ഋഷികേശ് റോയി എന്നിവരുടെ ഉത്തരവ്. എല്ലാ കേസിലും അറസ്റ്റ് രേഖപ്പെടുത്തുന്നതിലൂടെ വ്യക്തികളുടെ അന്തസ്സിനും ആത്മാഭിമാനത്തിനും അപരിഹാര്യമായ ചേതമാണ് ഉണ്ടാവുകയെന്ന് കോടതി ചൂണ്ടിക്കാട്ടി.

കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമായി വരുമ്പോള്‍, കുറ്റകൃത്യം ഹീനസ്വഭാവത്തിലുള്ളതാവുമ്പോള്‍, സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുള്ളപ്പോള്‍, പ്രതി ഒളിവില്‍ പോവാനിടയുള്ളപ്പോള്‍ എന്നീ സാഹചര്യങ്ങളിലാണ് അറസ്റ്റ് രേഖപ്പെടുത്തേണ്ടതുള്ളൂവെന്ന് കോടതി പറഞ്ഞു. ഏഴു വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്.

അറസ്റ്റ് ഏതെല്ലാം സാഹചര്യത്തില്‍ വേണമെന്ന സുപ്രീം കോടതി നിര്‍ദേശത്തിനു വിരുദ്ധമായാണ് പലപ്പോഴും കീഴ്‌ക്കോടതികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബെഞ്ച് വിലയിരുത്തി. ക്രിമിനല്‍ നടപടിച്ചട്ടം 170 അനുസരിച്ച കുറ്റപത്രം പരിഗണിക്കുന്നതിന് അറസ്റ്റ് നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്ന് കീഴ്‌ക്കോടതികള്‍ നിര്‍ദേശിക്കുന്ന സാഹചര്യമുണ്ട്. സിആര്‍പിസി 170ാം വകുപ്പിലെ കസ്റ്റഡി എന്ന വാക്ക് കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്തു ഹാജരാക്കണം എന്ന് അര്‍ഥമാക്കുന്നില്ലെന്ന് സുപ്രീം കോടതി വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com