കര്‍ഷകസമരം ഗതാഗതം തടസ്സപ്പെടുത്തരുത് ; സര്‍ക്കാര്‍ പോംവഴി കാണണമെന്ന് സുപ്രീംകോടതി 

ഗതാഗത തടസ്സം ഒഴിവാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന സര്‍ക്കാരുകള്‍ പോംവഴി കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു
കര്‍ഷകസമരം / ഫയല്‍ ചിത്രം
കര്‍ഷകസമരം / ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : കര്‍ഷക സമരക്കാര്‍ റോഡ് തടഞ്ഞുള്ള പ്രതിഷേധം പാടില്ലെന്ന് സുപ്രീംകോടതി. സമരം നടത്താന്‍ കര്‍ഷകര്‍ക്ക് അവകാശമുണ്ട്. അതേസമയം ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടരുതെന്ന് കോടതി അഭിപ്രായപ്പെട്ടു. 

കര്‍ഷക സമരത്തെത്തുടര്‍ന്ന് ഗതാഗത തടസ്സം നേരിടുന്നത് ചൂണ്ടിക്കാട്ടി നോയിഡ സ്വദേശി മോണിക്ക അഗര്‍വാള്‍ നല്‍കിയ റിട്ട് ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതി പരാമര്‍ശം. ജസ്റ്റിസുമാരായ എസ് കെ കൗള്‍, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

ഗതാഗത തടസ്സം ഒഴിവാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന സര്‍ക്കാരുകള്‍ പോംവഴി കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു. മാര്‍ക്കറ്റിങ് ജോലിയിലേര്‍പ്പെടുന്ന തനിക്ക് ഗതാഗത തടസ്സം മൂലം 20 മിനുട്ടിന്റെ സ്ഥാനത്ത് രണ്ടു മണിക്കൂര്‍ വേണ്ടി വരുന്നുവെന്നും, ഇതോടെ യാത്ര പേടിസ്വപ്‌നമായി മാറിയെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. 

പരിഹാരം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കൈവശമാണ്. സമരത്തിന്‍രെ പേരില്‍ ഗതാഗത തടസ്സം അനുവദിക്കാനാവില്ല. കര്‍ഷക സമരത്തില്‍ ഇതുവരെ ഒരു പരിഹാരം കണ്ടെത്താനാവാത്തത് എന്തുകൊണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ജസ്റ്റിസ് കൗള്‍ ചോദിച്ചു. 

പാര്‍ലമെന്റ് പാസ്സാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ കര്‍ഷകര്‍ സമരത്തിലാണ്. ഈ വര്‍ഷം ജൂലൈ 19 ന് ഗതാഗത തടസ്സം മാറ്റുന്നതിന് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ യുപി, ഹരിയാന സര്‍ക്കാരുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com