ഭാര്യയുടെ ഇഷ്ടം നോക്കാതെ ബലപ്രയോഗത്തിലൂടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ല: ഹൈക്കോടതി

ഭാര്യയുടെ ഇഷ്ടം നോക്കാതെ ബലപ്രയോഗത്തിലൂടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ല: ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റായ്പുര്‍: ഭാര്യയുടെ ഇഷ്ടത്തിനു വിരുദ്ധമായി ബലപ്രയോഗത്തിലൂടെ ഭര്‍ത്താവ് ലൈംഗിക ബന്ധം നടത്തുന്നത് ബലാത്സംഗമല്ലെന്ന് ഛത്തിസ്ഗഢ് ഹൈക്കോടതി. ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഭാര്യ നല്‍കിയ പരാതിയില്‍, ബലാത്സംഗക്കുറ്റം ഒഴിവാക്കിക്കൊണ്ടാണ് ജസ്റ്റിസ് എന്‍കെ ചന്ദ്രവംശിയുടെ ഉത്തരവ്.

സ്വന്തം ഭാര്യയുമായി ഒരാള്‍ നടത്തുന്ന ലൈംഗിക ബന്ധം, ഭാര്യയുടെ പ്രായം പതിനെട്ടു വയസ്സിനു താഴെയല്ലെങ്കില്‍ ബലാത്സംഗമല്ലെന്ന് വിധിന്യായത്തില്‍ പറയുന്നു. ഈ കേസില്‍ പരാതിക്കാരി നിയമപരമായി ഭാര്യയാണ്. ഭാര്യയുമായി ഒരാള്‍ നടത്തുന്ന ലൈംഗിക ബന്ധമോ മറ്റു ലൈംഗിക പ്രവൃത്തിയോ, അവരുടെ ഇച്ഛയ്ക്കു വിരുദ്ധമായോ ബലപ്രയോഗത്തിലൂടെയോ ആണെങ്കില്‍പ്പോലും ബലാത്സംഗ കുറ്റമായി കാണാനാവില്ല.

വിവാഹം കഴിഞ്ഞു കുറച്ചു ദിവസമായപ്പോള്‍ തന്നെ ഭര്‍ത്താവും കുടുംബവും സ്ത്രീധനത്തിന്റെ പേരില്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാര്യ പരാതി നല്‍കിയത്. ഭര്‍ത്താവ് ബലപ്രയോഗത്തിലൂടെയും അസ്വാഭാവിക രീതികളിലും ലൈംഗിക ബന്ധം നടത്തുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു. മാരിറ്റല്‍ റേപ്പ് ഇന്ത്യന്‍ നിയമപ്രകാരം കുറ്റകരമല്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധം നടത്തിയതിന് ഭര്‍ത്താവിനെതിരെ കുറ്റം ചുമത്താനാവില്ലെന്ന് വ്യക്തമാക്കി. അതേസമയം അസ്വാഭാവികമായ രീതിയില്‍ ലൈംഗിക ബന്ധം നടത്തിയതിന് ചുമത്തിയ കുറ്റങ്ങള്‍ കോടതി ശരിവച്ചു. സ്വാകാര്യ ഭാഗങ്ങളില്‍ മുള്ളങ്കി കടത്തി ഇയാള്‍ ലൈംഗികത ആസ്വദിക്കാറുണ്ടെന്ന് ഭാര്യ ആരോപിച്ചിരുന്നു. 

അസ്വാഭാവികമായ രീതിയില്‍ ലൈംഗിക ബന്ധം നടത്തിയതിന് ഭര്‍ത്താവിനെതിരെ വിചാരണക്കോടതി ഐപിസി 377 വകുപ്പ് അനുസരിച്ച് കുറ്റം ചുമത്തിയിരുന്നു. ഇതില്‍ പിഴവൊന്നും സംഭവിച്ചിട്ടില്ലെന്ന് ഹൈക്കോടതി വിലയിരുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com