ഭക്ഷണത്തില്‍ ആര്‍ത്തവരക്തം?; പരാതി, അന്വേഷണത്തിനായി മെഡിക്കല്‍ ബോര്‍ഡ്

ജനറല്‍ ഫിസിഷ്യന്‍, ഗൈനക്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, ഓര്‍ത്തോപീഡിക്ക് സര്‍ജന്‍ എന്നിവരാണ് അംഗങ്ങള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗാസിയാബാദ്: ഭക്ഷണത്തില്‍ ഭാര്യ ആര്‍ത്തവ രക്തം കലര്‍ത്തിനല്‍കിയെന്ന പരാതിയില്‍ അന്വേഷണത്തിനായി നാലംഗ മെഡിക്കല്‍ ബോര്‍ഡ്. കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലാണ് പൊലീസ് നിര്‍ദേശ പ്രകാരം മെഡിക്കല്‍ ബോര്‍ഡ് രൂപികരിച്ചത്.  ജനറല്‍ ഫിസിഷ്യന്‍, ഗൈനക്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, ഓര്‍ത്തോപീഡിക്ക് സര്‍ജന്‍ എന്നിവരാണ് അംഗങ്ങള്‍. പരാതിക്കാരന്‍ നല്‍കിയ തെളിവുകള്‍ മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കും. 

കഴിഞ്ഞവര്‍ഷം ജൂണ്‍ 12ാണ് ഭാര്യയും അവരുടെ മാതാപിതാക്കളും ഭക്ഷണത്തില്‍ ആര്‍ത്തവ രക്തം കലര്‍ത്തിയെന്ന പരാതിയുമായി പൊലീസില്‍ പരാതി നല്‍കിയത്. ഇതോടെ തനിക്ക് അണുബാധയുണ്ടായെന്നും പരാതിക്കാരന്‍ ആരോപിച്ചു. ഇതിന്റെ തെളിവായി ചില മെഡിക്കല്‍ റിപ്പോര്‍ട്ടുകളും സമര്‍പ്പിച്ചു. ഇയാളുടെ പരാതിയിലാണ്‌ പൊലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, വിഷവസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. 

2015ലാണ് യുവതിയെ പരാതിക്കാരന്‍ വിവാഹം കഴിച്ചത്. ദമ്പതിമാര്‍ക്ക് ഒരു മകനുണ്ട്. ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു കുടുംബത്തിന്റെ താമസം. എന്നാല്‍ ഇവിടെനിന്ന് മാറിതാമസിക്കാന്‍ ഭാര്യ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിന് വിസമ്മതിച്ചതോടെ നിസ്സാരകാര്യങ്ങള്‍ക്ക് പോലും വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്നും പരാതിക്കാരന്‍ പറയുന്നു. വഴക്ക് പതിവായതോടെ തന്റെ മാതാപിതാക്കള്‍ വീട്ടില്‍നിന്ന് താമസം മാറി. ഇതിനുപിന്നാലെയാണ് രാത്രി കഴിക്കാന്‍ നല്‍കിയ ഭക്ഷണത്തില്‍ ആര്‍ത്തവ രക്തം കലര്‍ത്തിയത്. 

ഭാര്യയും അവരുടെ മാതാവും തമ്മില്‍ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്ന ഫോണ്‍കോള്‍ താന്‍ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും പരാതിക്കാരന്‍ പറയുന്നു. ഭാര്യയുടെ മാതാപിതാക്കളും സഹോദരനുമാണ് ഭക്ഷണത്തില്‍ രക്തം കലര്‍ത്തിയതിന് പിന്നിലെന്നും തനിക്കെതിരേ ദുര്‍മന്ത്രവാദം നടത്താന്‍ ഇവരാണ് ഭാര്യയെ പ്രേരിപ്പിച്ചിരുന്നതായും പരാതിയില്‍ പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com